Site iconSite icon Janayugom Online

മേഘാലയത്തിലും കോണ്‍ഗ്രസിനെ വിഴുങ്ങി തൃണമൂല്‍; മുന്‍ മുഖ്യമന്ത്രി മുഗുള്‍ സാംങ്മ ഉള്‍പ്പെടെ 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

ഗോവയ്ക്ക് പിന്നാലെ മേഘലയത്തിലും 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേഘാലയയിൽ മുന്‍ മുഖ്യമന്ത്രി മുഗുള്‍ സാംങ്മ ഉള്‍പ്പെടെ 12 അംഗങ്ങളാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. ആകെ 60 അംഗങ്ങളുള്ള മേഘാലയയിൽ 17 അംഗങ്ങളാണ്‌ കോൺഗ്രസിനുള്ളത്‌. ഇതിൽ 12 പേരും കോൺഗ്രസ്‌ വിട്ടതോടെ നിയമസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി തൃണമൂൽ മാറി.

സ്‌പീക്കര്‍ മേത്ബ ലിങ്‌ദോക്ക് ഇക്കാര്യമറിയിച്ച് എംഎല്‍എമാര്‍ കത്ത് നല്‍കിയിട്ടുണ്ട്.കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി കോണ്‍ഗ്രസ് അംഗങ്ങളും നേതാക്കളുമടക്കം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വാര്‍ എന്നിവര്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയ കോണ്‍ഗ്രസ് നേതാക്കളും കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ടത്.

കുറച്ചുനാളായി കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അതൃപ്തി പ്രകടമാക്കിയ ശേഷമാണ് മുകുള്‍ സാങ്മയുടെ കൂറുമാറ്റം. വിന്‍സെന്റ് എച്ച് പാലയെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ മുകുള്‍ സാങ്മ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം തൃണമൂലില്‍ ചേര്‍ന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇരുവരുമായി ചര്‍ച്ച നടത്തി ഒരുമാസം പിന്നിടുന്ന വേളയിലാണ് സാങ്മ പാര്‍ട്ടി വിട്ടത്.

ഡല്‍ഹിയില്‍ വരുമ്പോഴെല്ലാം കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ എപ്പോഴും കാണേണ്ട ആവശ്യമെന്തെന്ന ചോദ്യവും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ ഡൽഹിയിലെത്തിയ മമത മാധ്യമങ്ങളുടെ ചോദ്യത്തോടാണ് ഇങ്ങനെ പ്രതികരിച്ചത്. കോൺഗ്രസ്‌–- തൃണമൂൽ അകല്‍ച്ച വെളിപ്പെടുത്തുന്നതാണ് പ്രതികരണം.കോൺഗ്രസ്‌ പ്രധാന കക്ഷിയായ ഗോവയിൽ അടുത്തിടെ തൃണമൂൽ പ്രവർത്തനം സജീവമാക്കി. 

മമത ഡൽഹിയിലെത്തിയപ്പോൾ ചില മുൻ കോൺഗ്രസ്‌ നേതാക്കൾ തൃണമൂലിൽ ചേര്‍ന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി അടുത്തുതന്നെ സന്ദർശിക്കുമെന്ന്‌ മമത പറഞ്ഞു. മുൻ യുപി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന കമലാപതി ത്രിപാഠിയുടെ കൊച്ചുമകനും പേരമകനും തൃണമൂലിൽ ചേർന്നതിന്റെ ഭാഗമായാണ്‌ വാരാണസി യാത്ര.

Eng­lish Sum­ma­ry: 12 MLAs, includ­ing Tri­namool MLA Mughal Sang­ma quit Con­gress in Meghalaya

You may also like this video: 

Exit mobile version