Site iconSite icon Janayugom Online

ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകള്‍ കൂടി ഇന്ത്യയില്‍

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള 12 ചീറ്റകള്‍ കൂടി ഇന്ത്യയിലെത്തി. ചീറ്റപ്പുലികളെയും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ ചരക്ക് വിമാനം രാവിലെ 10 മണിയോടെ മധ്യപ്രദേശിലെ ഗ്വാളിയോര്‍ വ്യോമസേനാ താവളത്തില്‍ ഇറങ്ങി. തുടര്‍ന്ന് ഇവയെ ഹെലികോപ്റ്ററില്‍ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും ചേര്‍ന്ന് കുനോ നാഷണല്‍ പാര്‍ക്കിലെ ക്വാറന്റൈന്‍ പരിധിയിലേക്ക് ഏഴ് ആണ്‍ ചീറ്റകളെയും അഞ്ച് പെണ്‍ ചീറ്റകളെയും തുറന്നു വിട്ടു. 30 ദിവസത്തേക്ക് മൃഗങ്ങളെ നീരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് 10 ക്വാറന്റൈന്‍ എന്‍ക്ലോസറുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

നിലവില്‍ കുനോ ദേശീയോദ്യാനത്തില്‍ നമീബിയയില്‍ നിന്ന് എത്തിച്ച എട്ട് ചീറ്റകളുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവയെക്കൂടെ ഇവിടെ എത്തിച്ചതോടെ ആകെ ചീറ്റകളുടെ എണ്ണം 20 ആയി. ഇന്ത്യയിലെ അവസാന ചീറ്റ 1947 ലാണ് ചത്തത്. പിന്നീട് രാജ്യത്ത് ഇവയ്ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 

അതേസമയം ഇന്ത്യയിലെത്തിച്ച 12 ചീറ്റകള്‍ക്ക് എട്ട് മുതല്‍ 10 വര്‍ഷം വരെ മാത്രമേ ആയുസ് ഉണ്ടാകുകയുള്ളൂ എന്ന് വിദഗ്ധര്‍ പറയുന്നു. 12 ചീറ്റകളില്‍ ഏറ്റവും മുതിര്‍ന്ന ആണ്‍ചീറ്റയുടെ പ്രായം എട്ട് വയസും മൂന്ന് മാസവുമാണ്. രണ്ട് വയസും നാല് മാസവുവുള്ള പെണ്‍ചീറ്റയാണ് ഏറ്റവും പ്രായം കുറഞ്ഞത്. മൂന്ന് ചീറ്റകള്‍ 2020 ജൂണിലാണ് ജനിച്ചത്. ഇതില്‍ രണ്ട് പെണ്ണും ഒരാണും ഉള്‍പ്പെടുന്നു.
കൂട്ടത്തില്‍ രണ്ടാമത്തെ മുതിർന്നയാൾക്ക് ഏഴ് വയസും പത്ത് മാസവും പ്രായമുണ്ടെന്ന് ഓപ്പറേഷന്‍ ചീറ്റ പ്രോജക്റ്റിലെ അംഗമായ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. ഒരു ദക്ഷിണാഫ്രിക്കന്‍ ചീറ്റയുടെ പരമാവധി ആയുസ് എട്ട് മുതല്‍ 10 വയസുവരെയാണെന്നും ഇദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: 12 more chee­tahs from South Africa in India

You may also like this video

Exit mobile version