Site iconSite icon Janayugom Online

ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കിടെ 12കാരനെ പുലി ആക്രമിച്ചു

ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കിടെ പുലിയുടെ ആക്രമണം. വാഹനത്തിലേക്ക് ചാടിക്കയറിയ പുലി വാഹനത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു. 12കാരനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലാണ് പരിക്കേറ്റിരിക്കുന്നത്.സഫാരിക്ക് ഉപയോഗിക്കുന്ന വാഹനത്തിലേക്ക് ചാടിക്കയറിയ പുലി, സൈഡ് സീറ്റിലിരിക്കുന്ന കുട്ടിയുടെ കൈയിലാണ് മാന്തിയത്. കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ കുട്ടിക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കി.

ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കായി പോയ വാഹനം സാധാരണയായി മൃഗങ്ങളെ കാണുന്ന ഭാഗത്ത് എത്തിയപ്പോള്‍ വേഗത കുറച്ചു. ഈ സമയം റോഡിലേക്ക് കയറിയ പുലി വാഹനത്തിലേക്ക് ചാടിക്കയറുകയും ജനലിലൂടെ കുട്ടിയെ മാന്തുകയുമായിരുന്നു . സഫാരിക്ക് ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ജനലില്‍ സുരക്ഷയ്ക്കായി നല്‍കിയിട്ടുള്ള നെറ്റ് ഇളകിയ നിലയിലായിരുന്നു .

ഉടന്‍ തന്നെ സഫാരി ജീപ്പ് മുന്നിലേക്ക് എടുത്തെങ്കിലും പുലിയും പിന്നാലെ ഓടുകയായിരുന്നു. സാധാരണ നിലയില്‍ സഫാരി വാഹനങ്ങള്‍ക്ക് മുകളില്‍ വരെ ചില മൃഗങ്ങള്‍ കയറാറുള്ളതാണ്. എന്നാല്‍, സേഫ്റ്റി നെറ്റ് ഇളകിയിരുന്നതിനാലാണ് പുലിക്ക് വാഹനത്തിനുള്ളില്‍ ഇരുന്നയാളെ ആക്രമിക്കാനായത്. പുലി ആക്രമിച്ച വാഹനത്തിന് പിന്നിലെ വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Exit mobile version