Site iconSite icon Janayugom Online

12കാരനായ സഹോദരനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; 17കാരൻ അറസ്റ്റിൽ

12 വയസ്സുകാരനായ സഹോദരനെ കൊലപ്പെടുത്തി കുഴിച്ചുമൂടി 17കാരൻ. അച്ഛനും അമ്മയ്ക്കും അനുജനോടാണ് കൂടുതല്‍ സ്നേഹം എന്ന ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒഡീഷയിലെ ബാലൻഗീറിലെ തിതിലാഗഡിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. 

കഴിഞ്ഞ 45 ദിവസമായി 12കാരനെ കാണാനില്ലായിരുന്നു. ഇളയ മകനെ കാണാനില്ലെന്ന മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. തുടർച്ചയായി ചോദ്യം ചെയ്തതിനിടെ, മൂത്ത മകൻ ഒരു ദിവസം വീട് വൃത്തിയാക്കിയത് അമ്മ ഓർത്തെടുത്തതാണ് കേസിൽ വഴിത്തിരിവായത്. ഇത് പതിവില്ലാത്ത കാര്യമായതുകൊണ്ട് പൊലീസിന് സംശയം തോന്നി. തുടർന്ന് 17കാരനെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. അനുജനെ കുത്തിക്കൊന്ന ശേഷം തറയിൽ വീണ രക്തം തുടച്ചുനീക്കുന്നതിനായാണ് കുട്ടി വീട് വൃത്തിയാക്കിയത്. രാത്രിയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ, മാതാപിതാക്കളുടെ കിടപ്പുമുറിക്ക് സമീപം കുഴിയെടുത്താണ് മൃതദേഹം ആദ്യം കുഴിച്ചിട്ടത്. പിന്നീട് രാത്രിയിൽ വീടിന് പുറത്തേക്ക് മാറ്റി കുഴിച്ചുമൂടുകയായിരുന്നു.

ജൂൺ 29നാണ് മകനെ കാണാനില്ലെന്ന് ദമ്പതികള്‍ പൊലീസിൽ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയതാകാം എന്ന സംശയത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പൊലീസ് വീട് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.

Exit mobile version