Site iconSite icon Janayugom Online

‘123456’ തന്നെ നമ്പർ 1; ഇന്ത്യക്കാരുടെ പാസ്‌വേഡ് പാറ്റേണുകൾ ദുർബലം, റിപ്പോർട്ട് പുറത്ത്

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡ് ‘123456’ എന്ന് റിപ്പോർട്ട്. പാസ്‌വേഡ് മാനേജ്‌മെൻ്റ് കമ്പനിയായ നോർഡ് പാസ് 44 രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ‘123456’ ഒന്നാം സ്ഥാനത്തെത്തുന്നത്. ദുർബലമായതും എളുപ്പത്തിൽ ഊഹിച്ചെടുക്കാവുന്നതുമായ പാസ്‌വേഡ് പാറ്റേണുകൾ ഉപയോഗിക്കുന്ന രീതി ഇന്ത്യക്കാർ തുടരുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഓരോ തലമുറയിലുള്ള ആളുകളും ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ രീതിക്ക് ഇത്തവണ നോർഡ് പാസ് കൂടുതൽ ശ്രദ്ധ നൽകിയിരുന്നു. റിപ്പോർട്ട് പ്രകാരം, ‘123456’ കഴിഞ്ഞാൽ ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്ന മറ്റ് ദുർബല പാസ്‌വേഡുകൾ
pass@123, admin, 12345678, 12345, 123456789 മുതലായവയാണ്. ഈ പാസ്‌വേഡുകളിൽ ചില അക്ഷരങ്ങൾ വലിയക്ഷരമാക്കുകയോ, ‘@’ പോലുള്ള ചിഹ്നങ്ങൾ ഉപയോഗിക്കുകയോ ചെയ്ത് ശക്തമാക്കാൻ ശ്രമിക്കുന്ന രീതി പതിവാണ്. എന്നാൽ, ചിഹ്നങ്ങളോ വലിയക്ഷരങ്ങളോ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ പാറ്റേണുകളെല്ലാം ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ ഊഹിച്ചെടുക്കാൻ കഴിയുന്നവയാണെന്ന് നോർഡ് പാസ് നിരീക്ഷിക്കുന്നു.

പാസ്‌വേഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്ന മറ്റൊരു പ്രവണതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ചിഹ്നങ്ങൾ ഉപയോഗിച്ച് പാസ്‌വേഡുകൾ ശക്തമാക്കാൻ ശ്രമിക്കുന്നതിനേക്കാൾ, പാറ്റേണുകൾ എളുപ്പത്തിൽ ഊഹിച്ചെടുക്കാനാകുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതിനുപുറമെ, സ്വന്തം പേര് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പാസ്‌വേഡുകളിൽ ഉപയോഗിക്കുന്ന പ്രവണതയും ഇന്ത്യക്കാർക്കിടയിൽ കൂടുതലാണ്. സുരക്ഷിതമല്ലാത്ത ഈ പാസ്‌വേഡ് ശൈലി ഡിജിറ്റൽ ലോകത്ത് വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനും സൈബർ ആക്രമണങ്ങൾക്കും വഴി തുറക്കുന്നു എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 

Exit mobile version