Site iconSite icon Janayugom Online

മെക്സിക്കോയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 13 മരണം; നൂറോളം പേർക്ക് പരിക്ക്

മെക്സിക്കോയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 13 പേർ മരിച്ചു. ഒൻപത് ജീവനക്കാരും 241 യാത്രക്കാരുമാണ് ട്രെയിനിലുണ്ടായിരുന്നത്. തെക്കുകിഴക്കൻ മെക്സിക്കോയിലെ നിസാൻഡ പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 98 പേരിൽ 36 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം അറിയിച്ചു. ഒരു വളവ് തിരിയുന്നതിനിടെയാണ് ട്രെയിൻ പാളം തെറ്റിയത്. പാളത്തിൽ നിന്ന് തെന്നിമാറിയ ട്രെയിനിന്റെ ചില ഭാഗങ്ങൾ മലയിടുക്കിന്റെ വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മെക്സിക്കൻ നാവികസേനയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ റെയിൽവേ ശൃംഖല. മേഖലയിലെ സാമ്പത്തിക വികസനം ലക്ഷ്യമിട്ട് രണ്ട് വർഷം മുമ്പാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. പസഫിക് തുറമുഖമായ സലീന ക്രൂസിനെയും ഗൾഫ് തീരത്തെ കോട്‌സക്കോവൽകോസിനെയും ബന്ധിപ്പിക്കുന്ന ഈ റെയിൽ ലിങ്ക് മെക്സിക്കോയുടെ തന്ത്രപ്രധാനമായ ഒരു വ്യാപാര ഇടനാഴിയാണ്. മുൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഈ പദ്ധതിയിലെ പ്രധാന ട്രെയിനാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടിരിക്കുന്നത്.

Exit mobile version