Site iconSite icon Janayugom Online

ഗുജറാത്തിൽ 13 വയസ്സുകാരിക്ക് നേരെ അരിവാൾ കൊണ്ട് ആക്രമണം; ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ മോഡാസയിൽ 35 വയസ്സുകാരന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ 13 വയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു. ഡിസംബർ 18നായിരുന്നു പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അരിവാൾ കൊണ്ട് മാരകമായി പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു. മോഡാസ, ഹിമ്മത്‌നഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന പെൺകുട്ടി വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ മോഡാസ റൂറൽ പൊലീസ് ഇൻസ്‌പെക്ടർ കെ ടി ഗോഹിൽ ഇത് നിഷേധിച്ചു. പെൺകുട്ടി അമ്മയോടൊപ്പം നടന്നുപോകുമ്പോഴായിരുന്നു പ്രതി അരിവാളുമായി ആക്രമിച്ചതെന്ന് അദ്ധേഹം വ്യക്തമാക്കി. പീഡനശ്രമം ഉണ്ടായിട്ടില്ലെന്നും എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന ‘സെൻസിറ്റീവ്’ വിഭാഗത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പെൺകുട്ടി മരിച്ച സാഹചര്യത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 

Exit mobile version