Site iconSite icon Janayugom Online

പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്: ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കുറ്റക്കാരന്‍, ഇന്ന് വിധി പറയും

മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിങ്ങിന് എത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരീഷ് (59) കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി. കേസില്‍ ഇന്ന് വിധി പറയും. പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഇതേ കോടതി ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതി ജാമ്യത്തിലാണ്. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്റെ വീടിനോട് ചേർന്ന് ദേ പ്രാക്സിസ് പ്രാക്ടീസ് ടു പെർഫോം എന്ന സ്വകാര്യ ക്ലിനിക്കിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 

2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിങ്ങിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. പിന്നീട് പ്രതി മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. കുട്ടി ഭയന്ന് ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. വീട്ടുകാർ മറ്റ് പല മനോരോഗ വിദഗ്ധരെ കാണിച്ചെങ്കിലും കുട്ടിയുടെ അവസ്ഥ മോശമായി. തുടര്‍ന്ന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി ഇവരോട് പറയുന്നത്. മെഡിക്കൽ കോളജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിലെ അറസ്റ്റ്. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർഛിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടർമാരും വിസ്താര വേളയിൽ മൊഴിനല്‍കി.

Eng­lish Summary;13-year-old molesta­tion case: Clin­i­cal psy­chol­o­gist guilty, ver­dict today

You may also like this video

Exit mobile version