Site iconSite icon Janayugom Online

130-ാം ഭരണഘടന ഭേദഗതി; ഇന്ത്യ സഖ്യം ജെപിസി യോഗം ബഹിഷ്കരിക്കും

ഗുരുതരമായ ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം ജയിലില്‍ അടയ്ക്കപ്പെട്ടാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ അയോഗ്യരാക്കാനുള്ള വിവാദ ഭരണഘടന ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യോഗം പ്രതിപക്ഷ ഇന്ത്യ സഖ്യം ബഹിഷ്കരിക്കും. ജെപിസി യോഗം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അവതരിപ്പിച്ച 130-ാം ഭരണഘടന ഭേദഗതി ബില്‍ അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, സമാജ് വാദി പാര്‍ട്ടി , ശിവസേന (യുബിടി) എന്നിവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നലെയാണ് കോണ്‍ഗ്രസും നിലപാട് മാറ്റിയത്. ജെപിസി യോഗം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിനെ രേഖാമൂലം അറിയിച്ചു.

ഓഗസ്റ്റ് 20 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ ഭരണഘടന 130-ാം (ഭേദഗതി) ബിൽ, 2025; കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ (ഭേദഗതി) ബിൽ, 2025; ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025 എന്നിവ അവതരിപ്പിച്ചത്. പ്രതിപക്ഷം ആദ്യം മുതല്‍ എതിര്‍ത്ത മൂന്ന് ബില്ലുകള്‍ ശക്തമായ വിയോജിപ്പിന് പിന്നാലെയാണ് ജെപിസിക്ക് വിട്ടത്.

വിവാദ ഭരണഘടനാ ഭേദഗതി വഴി പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കാനുള്ള രഹസ്യ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആരോപിച്ചിരുന്നു. ബില്ലുകൾ പൊലീസ് രാജിന് വഴിയൊരുക്കുമെന്നും നടപടിക്രമങ്ങൾ ലംഘിക്കുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ ദുരുപയോഗത്തിന് ബില്‍ വഴിതുറക്കുമെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നതെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ജെപിസി യോഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.

Exit mobile version