Site iconSite icon Janayugom Online

പട്ടികജാതി വികസനത്തിന് ചെലവിട്ടത് 1,331 കോടി

2024 — 25 സാമ്പത്തിക വർഷം 1,331.06 കോടി രൂപ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ട് പട്ടികജാതി വികസന വകുപ്പ്. ആകെ പദ്ധതി തുകയുടെ 98.23 ശതമാനമാണിത്. ഇതില്‍ 654.22 കോടി രൂപ വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്കോളർഷിപ്പുകൾ, ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ് എന്നിവയ്ക്കാണ് ചെലവഴിച്ചത്. വരുമാന പരിധി നോക്കാതെയാണ് സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക നൽകുന്നത്. 2024–25 സാമ്പത്തിക വർഷം പട്ടികജാതി വിഭാഗക്കാരായ 585 വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ ഉന്നത സർവകലാശാലകളിൽ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് അവസരം ഒരുക്കി. ഇതിന് 81.59 കോടി രൂപ ചെലവിട്ടു. 

ലൈഫ് മിഷൻ വഴി 1,27,377 പേർക്കാണ് ഭവനം ഉറപ്പാക്കിയത്. ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിൽപെട്ട 1,755 പേർക്ക് 70.64 കോടി ചെലവിട്ട് 85 ഏക്കർ ഭൂമി വാങ്ങി നൽകി. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് മികച്ച ഭൗതിക സാഹചര്യം ഒരുക്കി നൽകുക എന്ന ലക്ഷ്യത്തോടെ 4,568 പേർക്ക് പഠനമുറികൾ നിർമ്മിച്ചു നൽകുകയും 3,273 പേർക്ക് പുതിയതായി പഠനമുറി അനുവദിക്കുകയും ചെയ്തു. പണി പൂർത്തീകരിക്കാത്ത വീടുകളുടെ പണി പൂർത്തീകരിച്ച് സുരക്ഷിത ഭവനം നൽകുന്ന വകുപ്പിന്റെ അഭിമാന പദ്ധതിയായ സേഫ് വഴി കഴിഞ്ഞ വർഷം മാത്രം 6,622 പേർക്ക് വീടുകള്‍ ലഭിച്ചു. കൂടാതെ മുൻ വർഷങ്ങളിൽ അനുവദിച്ച 4,165 വീടുകൾ പൂർത്തികരിച്ച് വാസയോഗ്യമാക്കുകയും ചെയ്തു. പട്ടികജാതി വിഭാഗത്തിലെ ഏറ്റവും ദുർബല വിഭാഗത്തിൽപെടുന്ന 2,184 പേർക്ക് വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കായി 48.70 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്താകെ ചികിത്സാ ധനസഹായമായി 29.28 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം ചെലവിട്ടു. പട്ടികജാതി നഗറുകളുടെ വികസനത്തിനായി നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമ പദ്ധതി പ്രകാരം വിവിധ വികസന പ്രവൃത്തികൾക്കായി 32.72 കോടിയും ചെലവഴിച്ചു. 

Exit mobile version