Site iconSite icon Janayugom Online

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 ഇന്ത്യക്കാര്‍ മ രിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

നേപ്പാളില്‍ പാസഞ്ചര്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 ഇന്ത്യക്കാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 40തോളം യാത്രക്കാരുമായി കാഠ്മണ്ഡുവിലേക്ക് യാത്രതിരിച്ച ഇന്ത്യൻ രജിസ്റ്ററേഷനുള്ള ബസാണ് തനാഹുൻ ജില്ലയിലെ മർസ്യാംഗ്ഡി നദിയിലേക്ക് മറിഞ്ഞത്. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

യുപി നമ്പര്‍ പ്ലേറ്റുള്ള ബസ് നദിയിലേക്ക് മറിഞ്ഞ് തീരത്തോട് ചേര്‍ന്ന് കിടക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ മാസമുണ്ടായ മണ്ണിടിച്ചിലിൽ നേപ്പാളിലെ ചിത്വാൻ ജില്ലയില്‍ രണ്ട് ബസുകൾ ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാർ മരിച്ചിരുന്നു.

ചിത്വാൻ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് നാരായൺഘട്ട്-മുഗ്ലിംഗ് റോഡിനോട് ചേർന്നുള്ള സിമാൽട്ട് മേഖലയിലാണ് ജൂലൈ 12 ന് മണ്ണിടിച്ചിലുണ്ടായത്. ഏഴ് ഇന്ത്യക്കാരുൾപ്പെടെ 65 യാത്രക്കാരുമായി രണ്ട് ബസുകൾ ഒഴുകി പോയിരുന്നു. ബസിലുണ്ടായിരുന്ന മൂന്നു പേർ നീന്തി രക്ഷപ്പെട്ടിരുന്നു. അഞ്ച് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു, രണ്ട് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 

Exit mobile version