Site iconSite icon Janayugom Online

ടി വി കാണാന്‍ സമ്മതിച്ചില്ല ; പതിനാലുകാരന്‍ ജീവനൊടുക്കി

ടിവി കാണാൻ വീട്ടുകാർ സമ്മതിക്കാഞ്ഞതിനെത്തുടർന്ന് പതിനാലുവയസുകാരൻ ജീവനൊടുക്കി. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലെ പാനോഹ് വില്ലേജിലാണ് സംഭവം. വിദ്യാർഥിയുടെ അമ്മ ടെലിവിഷൻ കാണുന്നത് വിലക്കുകയും പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരിലായിരുന്നു ആത്മഹത്യയെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്.

പത്താം ക്ലാസ് വിദ്യാർഥിയായ 14കാരൻ ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയുടെ അമ്മ വഴക്കുപറയുകയും പഠിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കുട്ടി വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വീട്ടിൽ നിന്ന് കുറച്ചകലെയുള്ള ഒഴിഞ്ഞുകിടക്കുന്ന മറ്റൊരു വീട്ടിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചു. 

പൊലീസെത്തി മൃതദേഹം ​ഘുമാർവി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞ ദിവസം നടത്തി. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഘുമാർവി ഡിഎസ്പി ചന്ദ്രപാൽ സിങ് പറഞ്ഞു.

Exit mobile version