Site iconSite icon Janayugom Online

തൃശ്ശൂർ ജില്ലാ ബാങ്കിൽ 143 കോടിയുടെ തട്ടിപ്പ്

തൃശ്ശൂർ ജില്ലാ സഹകരണബാങ്കായി പ്രവർത്തിക്കുന്ന കാലത്തു 143.42 കോടിയുടെ വായ്പാത്തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയതായി ഇഡിയുടെ വെളിപ്പെടുത്തൽ. ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി അംഗവുമായ എം കെ അബ്ദുൾ സലാമും ബാങ്ക് ഉദ്യോഗസ്ഥരും സ്വകാര്യസ്ഥാപനങ്ങളും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ 70 കോടി മൂല്യംവരുന്ന സ്ഥാവര ജംഗമ വസ്തുക്കൾ ഉടൻ കണ്ടുകെട്ടും. 2013 മുതൽ 2017 വരെ അബ്ദുൾ സലാം പ്രസിഡന്റായിരുന്ന കാലയളവിലെ നടപടികളിലാണ് അന്വേഷണം നടന്നത്. ഇക്കാലയളവിൽ വാരിക്കോരി വായ്പ്പ നൽകുകയുണ്ടായി എന്നാണ് ഇഡിയുടെ കണ്ടെത്തൽ. 

തൃശ്ശൂരിലെ നന്ദനം ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, വാസ്തുഹാര ഡവലപ്പേഴ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡ്, ജയ ജൂവലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജീകെ പ്യൂരിഫയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, മാൻഫോർഡ് എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, ലിഷ റീജൻസി ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ്, കൃഷ്ണ റിട്രീറ്റ് ആൻഡ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്ക് ബാങ്ക് ചട്ടങ്ങൾ മറികടന്ന് 46.5 കോടി വായ്പ നൽകിയെന്നാണ് ഇഡി പറയുന്നത്. 

വായ്പ നിർദിഷ്ട ആവശ്യത്തിന് ഉപയോഗിക്കാതെ വകമാറ്റിയതായും ഇഡി കണ്ടെത്തി. ബാങ്കിലേക്ക് 10 കോടി രൂപയ്ക്കുമുകളിൽ വായ്പത്തിരിച്ചടവ് വീഴ്ചവരുത്തിയ സ്ഥാപനങ്ങളാണ് ഇവയെല്ലാം. 2024 ജൂണിലെ കണക്കുപ്രകാരം 143.42 കോടി രൂപ ഇതിലൂടെ ബാങ്കിന് നഷ്ടമുണ്ടായി എന്നും പറയുന്നു. അബ്ദുൾ സലാമിന്റേതുൾപ്പെടെ തൃശ്ശൂരിലെ 11 ഇടങ്ങളിൽ ഈ മാസം ആറിന് ഇഡി സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഇപ്പോൾ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. 

Exit mobile version