ഇടതുസർക്കാർ അധികാരത്തിലിരിക്കെ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സർവീസിൽനിന്നും പിരിച്ചുവിട്ടത് പൊലീസ് സേനയിലെ ക്രിമിനൽ സ്വഭാവമുള്ള 144 ഉദ്യോഗസ്ഥരെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കും ഗുരുതര അച്ചടക്കലംഘനം നടത്തിയവർക്കും എതിരെയാണ് നടപടി. കൊലപാതകം, സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 പേരെ സർവീസിൽ നിന്ന് സ്ഥിരമായി പുറത്താക്കി. ലഹരിമരുന്ന് മാഫിയയുമായുള്ള ബന്ധം, ഗുണ്ടാ ബന്ധം, ഗുരുതരമായ പെരുമാറ്റദൂഷ്യം എന്നിവയുടെ പേരിൽ 62 പേർക്ക് ജോലി നഷ്ടമായി. സാധാരണ വകുപ്പുതല നടപടിയുടെ ഭാഗമായി അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ക്ക് 241 പൊലീസുദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ അറിയിച്ചു.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ 2021 മേയ് 20 മുതല്‍ 2025 സെപ്റ്റംബര്‍ 18 വരെ ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിന് മാത്രമായി 46 പേരെയും ഗുരുതര സ്വഭാവ ദൂഷ്യത്തിന് 38 പേരെയും ഉള്‍പ്പെടെ 84 പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടു നിന്നതിന് 169 പേരെയും ഇക്കാലയളവില്‍ സര്‍വീസില്‍ നിന്ന് നിന്നും നീക്കം ചെയ്തിട്ടുണ്ട്. വസ്തുത ഇതാണെന്നിരിക്കെ പൊലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതെന്ന തരത്തില്‍ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

