ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്റർനെറ്റ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി വൻതോതിലുള്ള ഡാറ്റാ ചോർച്ച. ജിമെയിൽ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി പ്രമുഖ പ്ലാറ്റ്‌ഫോമുകളിലെ 14.9 കോടി അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങൾ ഇന്റർനെറ്റിൽ പരസ്യമായതായി പ്രമുഖ സൈബർ സുരക്ഷാ വിദഗ്ധൻ ജെറമിയ ഫൗളർ പറഞ്ഞു. ഏകദേശം 96 ജിബി വലിപ്പമുള്ള ഡാറ്റാ ശേഖരമാണ് സൈബർ ക്രിമിനലുകൾക്കിടയിൽ പ്രചരിക്കുന്നത്.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ മുതൽ സാമ്പത്തിക സേവനങ്ങൾ വരെ ചോർച്ചയുടെ പരിധിയിലുണ്ട്. 4.8 കോടി ജിമെയിൽ, 40 ലക്ഷം യാഹൂ, 15 ലക്ഷം ഔട്ട്‌ലുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്നുവെന്നാണ് റിപ്പോര്‍ട്ട്. 1.7 കോടി ഫേസ്ബുക്ക് , 65 ലക്ഷം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവയ്ക്ക് പുറമെ ടിക് ടോക്, എക്സ് തുടങ്ങിയവയും പട്ടികയിലുണ്ട്. കൂടാതെ നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ്, ഒണ്‍ലിഫാന്‍സ് തുടങ്ങിയ സ്ട്രീമിങ് അക്കൗണ്ടുകളും ബാങ്കിങ്, ക്രിപ്റ്റോ വാലറ്റ് വിവരങ്ങളും ചോർന്നവയിൽ ഉൾപ്പെടുന്നു.
ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഒളിഞ്ഞിരുന്ന് വിവരങ്ങൾ ചോർത്തുന്ന ‘ഇൻഫോ സ്റ്റീലർ’, ‘കീ ലോഗര്‍’, ക്ലിപ്പ്ബോർഡ് ക്യാപ്‌ചർ മാല്‍വേറുകള്‍ വഴിയാണ് ഈ മോഷണം നടന്നതെന്നാണ് സൂചന. ഉപയോക്താക്കൾ അറിയാതെ തന്നെ അവർ ടൈപ്പ് ചെയ്യുന്ന യൂസർ നെയിമും പാസ്‌വേഡും ഈ മാല്‍വേറുകള്‍ ഹാക്കർമാർക്ക് എത്തിച്ചു നൽകുന്നു. വ്യാജ സോഫ്റ്റ്‌വേർ അപ്‌ഡേറ്റുകൾ, സംശയകരമായ ഇമെയിൽ ലിങ്കുകൾ എന്നിവയിലൂടെയാണ് ഇവ ഉപകരണങ്ങളിൽ പ്രവേശിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളും പാസ്‌വേഡുകളും ഈ പട്ടികയിലുണ്ടെന്നത് വലിയ സുരക്ഷാ ഭീഷണിയായി വിദഗ്ധർ വിലയിരുത്തുന്നു. ഇത് ഔദ്യോഗിക നെറ്റ്‌വർക്കുകളിലേക്ക് നുഴഞ്ഞുകയറാനും സർക്കാർ രഹസ്യങ്ങൾ ചോർത്താനും സൈബർ ക്രിമിനലുകൾക്ക് വഴിതുറക്കും.

