Site iconSite icon Janayugom Online

നീലക്കുറിഞ്ഞിക്കാലം പടിയിറങ്ങുന്നു കണ്ട് മടങ്ങിയത് 15 ലക്ഷം സഞ്ചാരികൾ

neelakkurinjineelakkurinji

neelakkurinji

ഇടുക്കി ശാന്തമ്പാറ കള്ളിപ്പാറയിലെ മലനിരകളിൽ അപ്രതീക്ഷിതമായി വിരുന്നെത്തിയ കുറിഞ്ഞി വസന്തം പടിയിറങ്ങുന്നു.
ഈ മാസം ആദ്യം വാരമാണ് കള്ളിപ്പാറ മലനിരകളിൽ നീലക്കുറിഞ്ഞികൾ പൂവിട്ടത്. നീലക്കുറിഞ്ഞികൾ പൂവിട്ട വാർത്തകൾ പുറം ലോകം അറിഞ്ഞതോടെ സന്ദർശകരുടെ നീണ്ട പ്രവാഹമായിരുന്നു ഇവിടേക്ക്. മുമ്പ് ഒരിക്കൽ പോലും സന്ദർശകർ എത്താത്ത കള്ളിപ്പാറ മലനിരകൾ സഞ്ചാരികളാൽ നിറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം 15 ലക്ഷത്തോളം സഞ്ചാരികൾ നീലക്കുറിഞ്ഞി കാണാൻ മലകയറിയെന്നാണ് അനൗദ്യോഗിക കണക്കുകൾ.
സഞ്ചാരികൾ ധാരാളമായി എത്തിയതോടെ കുറിഞ്ഞി മലനിരകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കുമിഞ്ഞ് കൂടിയിരുന്നു. പൂക്കൾ പറിച്ചെടുക്കുന്ന സംഭവങ്ങളും ഉണ്ടായി. ഇതോടെ ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് ഇവിടെ പ്രവേശന ഫീസ് ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ തുടർന്നും കള്ളിപ്പാറയിലേക്ക് സഞ്ചാരികൾ ധാരാളമായി കടന്നുവന്നു. പ്രവേശന പാസിലൂടെ മാത്രം ശാന്തമ്പാറ പഞ്ചായത്തിന് പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിച്ചത്.
നിലവിൽ മലകയറിയെത്തുന്ന സഞ്ചാരികൾ കരിഞ്ഞുണങ്ങിയ കുറിഞ്ഞി പൂക്കൾ കണ്ട് നിരാശരായി മടങ്ങുകയാണ്. സാധാരണയായി 15 മുതൽ 25 ദിവസം വരെ മാത്രമേ കുറിഞ്ഞി പൂക്കൾക്ക് ആയുസുള്ളു. കള്ളിപ്പാറയിലെ മലനിരകളിൽ ദിവസങ്ങളോളം ശക്തമായി മഴ പെയ്തതും പൂക്കൾ പെട്ടെന്ന് വാടാനും കൊഴിയാനും കാരണമായി.
മലനിരകളിലെ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമാണ് പൂക്കൾ കൂട്ടമായി അവശേഷിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ അവശേഷിക്കുന്ന പൂക്കളും കൊഴിയും. ഇതോടെ നീലക്കുറിഞ്ഞി വസന്തം കള്ളിപ്പാറയിൽ നിന്നും അപ്രത്യക്ഷമാകും. എന്നിരുന്നാലും പശ്ചിമ ഘട്ട മലനിരകളിൽ ഇനിയും കുറിഞ്ഞി പൂക്കൾ വിരുന്നെത്തുമെന്ന പ്രതീക്ഷയോടെയാണ് സന്ദർശകർ മടങ്ങുന്നത്. കഴിഞ്ഞ നാല് വർഷമായി ശാന്തമ്പാറ പഞ്ചായത്തിന്റെ വിവിധ മലനിരകളിൽ മുടങ്ങാതെ നീലക്കുറിഞ്ഞികൾ പൂവിടുന്നുണ്ട്.

Eng­lish Sum­ma­ry: 15 lakh tourists returned to see the Nee­lakur­in­ji season

You may also like this video 

YouTube video player
Exit mobile version