Site iconSite icon Janayugom Online

പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കാൻ 15 അംഗസമിതി

പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പുന:പരിശോധിച്ച് പുതുക്കിനൽകുന്നതിനായി 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിൽ മൂന്ന് പേർ ഗവേഷണ ബിരുദമുള്ള കോളജ് അധ്യാപകരാണ്. ഇവർ നൽകുന്ന പുതുക്കിയ ഉത്തരസൂചിക പ്രകാരം കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം നാളെ പുന:രാരംഭിക്കും.

ഇതിനകം മൂല്യനിര്‍ണയം നടന്ന ഉത്തരക്കടലാസുകള്‍ ഒന്നുകൂടി പരിശോധിക്കും. ഈ നടപടി കാരണം പരീക്ഷാ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്ക വേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണയമാണ് നിലവിലുള്ളത്. അത് കൊണ്ട് തന്നെ വിദ്യാർത്ഥിക്ക് അർഹതപ്പെട്ട അര മാർക്ക് പോലും നഷ്ടമാകില്ല.

ചില അധ്യാപകർ നടത്തുന്ന കെമിസ്ട്രി പരീക്ഷാ മൂല്യനിർണയ ബഹിഷ്ക്കരണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിനായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ കാര്യത്തിൽ എസ്‌സിഇആർടിയുടെ മേൽനോട്ടത്തിലാണ് ചോദ്യകടലാസ് തയ്യാറാക്കല്‍ നടത്തുന്നത്. ഓരോ വിഷയത്തിനും ആറ് വരെ സെറ്റ് ചോദ്യക്കടലാസുകൾ നിർമ്മിക്കാറുണ്ട്. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക.

ചോദ്യ കടലാസ് തയ്യാറാക്കുന്ന ആൾ തന്നെ ആയതിന്റെ ഉത്തരസൂചികയും തയാറാക്കി നൽകുന്നുണ്ട്. എങ്കിലും മനുഷ്യസഹജമായി സംഭവിച്ചേക്കാവുന്ന എന്തെങ്കിലും പിശകുകൾ ഉണ്ടോ എന്ന് തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ മേൽ നോട്ടത്തിൽ പരിശോധിക്കാറുണ്ട്. അത്തരത്തിൽ പുനപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട സമിതി തയ്യാറാക്കി നൽകുന്ന ഉത്തരസൂചിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഈ വർഷത്തെ കെമിസ്ട്രി ഉത്തരസൂചികയിൽ ചോദ്യപേപ്പറിലെ മാർക്കുകളേക്കാൾ കൂടുതൽ മാർക്കുകൾ നൽകുന്ന രീതിയിലും അനർഹമായി മാർക്ക് നൽകാവുന്ന രീതിയിലും ക്രമീകരിച്ചത് ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് ചെയർമാന്റെ വിവേചന അധികാരം ഉപയോഗിച്ച് ചോദ്യകർത്താവ് നൽകിയ ഉത്തര സൂചിക കഴിഞ്ഞ ഏപ്രിൽ 26ന് പ്രസിദ്ധീകരിച്ചിരുന്നു. വേഗത്തിൽ പരാതികൾ അറിയിക്കാനുള്ള ധാരാളം സംവിധാനങ്ങൾ ഉണ്ടായിട്ടും മൂല്യനിർണയ ദിവസം വരെ ഒരുവിധത്തിലുള്ള പരാതിയും ആരും നൽകിയില്ല. മൂല്യനിർണയം തുടങ്ങിയ ഏപ്രിൽ 28 മുതൽ മൂന്നു ദിവസമായി പരീക്ഷാ ജോലിയിൽ നിന്ന് ഒരു വിഭാഗം അധ്യാപകർ വിട്ടുനിൽക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ആരുടെയും രേഖാപരമായ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മന്ത്രി ചുണ്ടിക്കാട്ടി.

Eng­lish sum­ma­ry; 15-mem­ber com­mit­tee to update the Plus Two Chem­istry answer key

You may also like this video;

Exit mobile version