Site iconSite icon Janayugom Online

15 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണ്‍ പിടിച്ചെടുത്ത് ത്രീ ലയണ്‍സ്

15 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് മത്സരം വിജയിച്ച് ഇംഗ്ലണ്ട്. ആഷസ് നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന്റെ ആവേശ ജയം സ്വന്തമാക്കി. 2010-11 പരമ്പരയിൽ സിഡ്‌നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ആൻഡ്രൂ സ്ട്രോസിന്റെ ടീം ആതിഥേയ ടീമിനെ ഇന്നിങ്‌സിനും 83 റൺസിനും പരാജയപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ ജയമാണിത്. അഞ്ച് മത്സര പരമ്പരയില്‍ 3–1 എന്ന നിലയില്‍ ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 36 വിക്കറ്റുകളാണ് മെല്‍ബണ്‍ പിച്ചില്‍ വീണത്. നാലിന്നിങ്‌സിലും ഇരു ടീമുകളും 200 പോലും കടക്കാത്ത മത്സരം കൂടിയാണ് ഇത്. 175 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ്‌ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. രണ്ടിന്നിങ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ടങ്, അഞ്ച് വിക്കറ്റെടുത്ത ബ്രയ്ഡൻ കാഴ്‌സ് എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബെതൽ (40 ), സാക്ക് ക്രൗളി (37 ), ബെൻ ഡക്കറ്റ് (34 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ജാമി സ്മിത്ത് (മൂന്ന്), ഹാരി ബ്രൂക്ക് (18) എന്നിവര്‍ പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായി. ട്രാവിസ് ഹെഡ് (46), സ്റ്റീവ് സ്മിത്ത് (24), കാമറൂണ്‍ ഗ്രീന്‍ (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കഴ്സ് നാല് വിക്കറ്റും ബെന്‍ സ്റ്റോക്സ് മൂന്ന് വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 152ന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 110ന് ഓള്‍ഔട്ടായി. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേടിയ ജോഷ് ടങ്ങാണ് ഓസീസിനെ തകര്‍ത്തത്. 27 റണ്‍സാണ് ഓപ്പണര്‍മാര്‍ ഓസീസ് സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. 12 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ആദ്യം മടങ്ങിയപ്പോള്‍ 10 റണ്‍സെടുത്ത ജേക്ക് വെതറാള്‍ഡ് പിന്നാലെ കൂടാരം കയറി. മാര്‍നസ് ലാബുഷെയ്നിനും (ആറ്), നായകന്‍ സ്റ്റീവ് സ്മിത്തിനും (ഒമ്പത്) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഇരുവരെയും ജോഷ് ടങ്ങാണ് മടക്കിയത്. പിന്നാലെയെത്തിയ മാര്‍നസ് ലാബുഷെയ്ന്‍ (ആറ്), സ്റ്റീവ് സ്മിത്ത് (ഒമ്പത്) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. അലക്സ് ക്യാരി (20) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബെന്‍ സ്റ്റോക്സ് താരത്തെ പുറത്താക്കി. പിന്നീട് കാമറൂണ്‍ ഗ്രീന്‍ (17), മിച്ചല്‍ നെസര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും ചേര്‍ന്നു സ്‌കോര്‍ 91ല്‍ നിന്നു നഷ്ടങ്ങളില്ലാതെ 143ല്‍ എത്തിച്ചു. എന്നാല്‍ പിന്നീട് ഒമ്പത് റണ്‍സ് കൂടിയേ ഓസീസിനു ചേര്‍ക്കാന്‍ സാധിച്ചുള്ളു. സ്‌കോര്‍ 152ല്‍ നില്‍ക്കെ ശേഷിച്ച മൂന്ന് വിക്കറ്റുകളും നിലംപൊത്തി. എട്ടാമനായി ക്രീസിലെത്തി 35 റണ്‍സെടുത്ത മിച്ചല്‍ നെസറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഗുസ് അറ്റ്കിന്‍സന്‍ രണ്ട് വിക്കറ്റും ബ്രൈഡന്‍ കഴ്സും സ്റ്റോക്സും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലെ ഇംഗ്ലണ്ട് തകര്‍ച്ച നേരിട്ടു. എട്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍ സാക് ക്രോളി (5) മൂന്നാം ഓവറിൽ സ്റ്റാര്‍ക്കിന് മുന്നില്‍ വീണപ്പോള്‍ ജേക്കബ് ബേഥലിനെ (1) മൈക്കല്‍ നേസര്‍ മടക്കി. ബെന്‍ ഡക്കറ്റിനെ (2) സ്റ്റാര്‍ക്ക് തന്റെ അടുത്ത ഓവറില്‍ വീഴ്ത്തിയപ്പോള്‍ 15 പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാവാതെ (0) ജോ റൂട്ടും വീണു. കൃത്യമായ ഇടവേളകളിലെല്ലാം വിക്കറ്റ് വീണതോടെ 110 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു. 34 പന്തില്‍ 41 റണ്‍സുമായി ഹാരി ബ്രൂക്കും 35 പന്തില്‍ 28 റണ്‍സുമായി ഗുസ് അറ്റ്കിന്‍സനും മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. സ്റ്റോക്സ് 16 റണ്‍സുമായി മടങ്ങി. ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ നെസര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് കാമറൂണ്‍ ഗ്രീനും പോക്കറ്റിലാക്കി. 2011നു ശേഷം ഓസീസ് മണ്ണില്‍ ഒരു ജയവും സ്വന്തമാക്കാനാകാത്ത ഇംഗ്ലണ്ട് മെല്‍ബണിലെ ജയം വരെ 18 മത്സരങ്ങള്‍ കളിച്ചു. അതില്‍ 16 മത്സരങ്ങളും തോറ്റു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

Exit mobile version