Site iconSite icon Janayugom Online

മാവോയിസ്റ്റുകളെന്ന പേരില്‍ ഈ വര്‍ഷം കൊ ന്നുതള്ളിയത് 150 പേരെ

അടുത്ത മാര്‍ച്ചോടെ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന ലക്ഷ്യം പ്രഖ്യാപിച്ച് മുന്നേറുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ പേരില്‍ ഈ വര്‍ഷം ഇതുവരെ കൊന്നുതള്ളിയത് 150 പേരെ. ഈവര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങള്‍ക്കിടെയാണിത്. കഴിഞ്ഞ വര്‍ഷം ആകെ 290, 2017ല്‍ 136 വീതമാളുകളെയാണ് മാവോയിസ്റ്റുകളെന്ന പേരില്‍ കൊലപ്പെടുത്തിയത്. 2010ല്‍ 1,936 മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഉണ്ടായതായി ആഭ്യന്തരമന്ത്രാലയത്തിലെ കണക്കുകള്‍ പറയുന്നു. 2024ല്‍ ഇത് വെറും 374 ആയി കുറഞ്ഞെന്നും. മാവോയിസ്റ്റ് ബാധിത ജില്ലകളുടെ എണ്ണം കുറഞ്ഞെന്നും 2013ല്‍ 126 ജില്ലകളുണ്ടായിരുന്നത് 2021‑ല്‍ 70 ആയും ഈ വര്‍ഷം ഏപ്രിലില്‍ 18 ആയെന്നും കേന്ദ്രം കണക്ക് നിരത്തുന്നു. 

ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ഛത്തീസ്ഗഢ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 54 നക്സലൈറ്റുകള്‍ അറസ്റ്റിലായി, 84 പേര്‍ കീഴടങ്ങി. ഈമാസം ആദ്യം ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നമ്പാല കേശവ്റാവു എന്ന ബസവരാജു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവാതെ ഏറ്റുമുട്ടലിന്റെ മറവില്‍ വധിക്കുകയാണ് ചെയ്യുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം. 1967‑ല്‍ ആരംഭിച്ച മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. 

മാവോയിസ്റ്റുകള്‍ അടുത്തിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധ അറിയിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയില്ല. ഇതോടെ പൗരസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോര്‍പറേറ്റുകള്‍ക്ക് പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിന് അവസരമൊരുക്കുന്നതിന് ആദിവാസികളെ ഉള്‍പ്പെടെ മാവോയ്സ്റ്റ് മുദ്ര കുത്തി വധിക്കുകയാണെന്ന ആരോപണവും വ്യാപകമാണ്. മരിച്ചവരുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനോ മൃതദേഹങ്ങള്‍ബന്ധുക്കള്‍ക്ക് കൈമാറുന്നതിനോ സര്‍ക്കാര്‍ വിമുഖത കാട്ടുന്നതും സംശയം വര്‍ധിപ്പിക്കുന്നു.

Exit mobile version