Site iconSite icon Janayugom Online

തൃശൂരില്‍ 15,000 ലിറ്റർ സ്പിരിറ് പിടികൂടി

തൃശൂരില്‍ 15,000 ലിറ്റർ സ്പിരിറ് പിടികൂടി. മണ്ണുത്തി സെന്ററിൽ നിന്നും പട്ടിക്കാട് ചെമ്പുത്രയിൽ നിന്നുമാണ് 15,000 ലിറ്റർ സ്പിരിറ്റും രണ്ടു പിക്കപ്പ് വാഹനങ്ങളും എക്‌സൈസ് പിടികൂടിയത്. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിതെന്ന് അധികൃതര്‍ പറഞ്ഞു. തൃശൂർ എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻഫർമേഷൻ ബ്യൂറോയും ജില്ലാ എക്‌സൈസ് ടീമും ഒന്നിച്ചാണ് വൻസ്പിരിറ്റ് വേട്ട നടത്തിയത്. പട്ടിക്കാട് ചെമ്പുത്രയിൽ ഏതാനും മാസങ്ങളായി കാലിതീറ്റ കേന്ദ്രമെന്ന നിലയിൽ പ്രവർത്തിച്ചു പോന്ന സ്പിരിറ്റ്‌ ഗോഡൗൺ ആണ് ഇന്റലിജിൻസ് വിഭാഗം തുടർച്ചയായ നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. രാത്രിക്കാലത്തു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനവുമായായി ബന്ധപ്പെട്ട ദുരൂഹതയാണ് സ്പിരിറ്റ് വേട്ടയിലേക്ക് വഴി തുറന്നത്. ഇതിനായി രണ്ടാഴ്ചക്കാലം ഇന്റലിജൻസ് വിഭാഗംഷാഡോ വിങ്ങായി പ്രവർത്തിക്കുകയും ചെയ്തു. 

വേഷപ്രച്ഛന്നരായി ഡാറ്റകൾ ശേഖരിച്ച് ജില്ലാ എക്‌സൈസ് വിഭാഗവുമായി ചേർന്നാണ് റെയ്ഡ് നടത്തിയത്. മണ്ണുത്തി സെന്ററിൽ നിന്നും 40 കന്നാസ്സുകളിൽ 1320 ലിറ്റർ സ്പിരിറ്റുമായി ഒരു പിക്കപ്പ് വാന്‍ ആണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ചെമ്പുത്രയിലെ ഇന്ത്യന്‍ കോഫി ഹൗസ് പരിസരത്തെ കാലിത്തീറ്റ ഗോഡൗൺ പരിശോധിക്കുകയുമായിരുന്നു. 411കന്നാസുകളിലായി സൂക്ഷിച്ച 13,563 ലിറ്റർ സ്പിരിറ്റ്‌ ഇവിടെ നിന്നും കണ്ടെടുക്കുകയായിരുന്നു. ഇവിടെ ഒരു പിക്കപ്പ് വാഹനത്തിലും കാലിത്തീറ്റക്ക് മറവിൽ പ്രത്യേകം നിര്‍മ്മിച്ച രഹസ്യ അറയിൽ നിന്നുമാണ് സ്പിരിറ്റ്‌ പിടിച്ചെടുത്തത്. ഗോഡൌൺ വാടകക്ക് എടുത്ത എടമുട്ടം, ഉറുമ്പങ്കുന്ന് സ്വദേശികളായ രണ്ടു പേർക്കെതിരെ കേസെടുത്തു. മണ്ണുത്തിയിൽ പിക്കപ്പ് വാഹനം കടത്താൻ ശ്രമിച്ച ആളെയും അന്വേഷിച്ചു വരുന്നു. കേസ് എടുത്ത സംഘത്തിൽ ഐബി ഇൻസ്‌പെക്ടർ എ ബി പ്രസാദ്, ഐബി ഉദ്യോഗസ്ഥരായ വിഎം ജബ്ബാർ, കെ ജെ ലോനപ്പൻ,ജീസ്മോൻ, പി. ആർ സുനിൽ, നെൽസൻ എന്നിവരും എക്‌സൈസ് സിഐ അശോക് കുമാർ, ഇൻസ്‌പെക്ടർമാരായ ടി കെ സജീഷ് കുമാർ സതീഷ് കുമാർ തുടങ്ങിയവരുമുണ്ടായിരുന്നു.

Exit mobile version