ജവഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു)യില്‍ ഇനി സമരം ചെയ്താല്‍ 15000 രൂപ വരെ പിഴ. പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരില്‍ 10000 മുതല്‍ 15000 വരെ പിഴ ചുമത്തിയതായും അടുത്ത സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് തങ്ങളെ വിലക്കിയതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇത്തരത്തില്‍ പിഴ ചുമത്തുന്നത് ഭരണകൂട പീഡനമാണെന്നും ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും വിദ്യാർത്ഥി സംഘടനകള്‍ വ്യക്തമാക്കി.
എന്നാൽ, പിഴ ചുമത്തുന്നത് പുതിയ കാര്യമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷമാണ് പിഴ ചുമത്തിയതെന്നുമാണ് ജെഎൻയു ചീഫ് പ്രോക്ടോർ രജനീഷ് കുമാർ മിശ്രയുടെ വാദം. സെപ്റ്റംബര്‍ അഞ്ചിനകം പിഴത്തുക അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞത്. സംഘടനാ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെയാണ് സർവകലാശാല ലക്ഷ്യമിടുന്നതെന്നും വ്യാജവും അടിസ്ഥാനരഹിതവുമായ പരാതികളാണ് ചുമത്തുന്നതെന്നും എഐഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കി.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് സിമോണ്‍ സോയ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ്. 2018 ല്‍ താന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി അല്ലാതിരുന്ന സമയത്തെ പ്രതിഷേധത്തിന്റെ പേരിലാണ് കൗശിക് രാജ് എന്ന വിദ്യാര്‍ത്ഥിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ജൂൺ 20ന് സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ ഓഫ്‌ലൈൻ ക്ലാസുകൾക്കായുള്ള പ്രതിഷേധത്തിന്റെ പേരിൽ നിരവധി പേര്‍ക്കെതിരെ പ്രോക്ടോറിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞു.
English Summary; 15000 rupees fine if strike in JNU
You may like this video also