രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ 12,000 അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. 2021 ലെ കണക്കനുസരിച്ച് നവോദയ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകൾ 3,156 ആണ്. അതേസമയം 9,000 ത്തിലധികം അധ്യാപകർ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
തമിഴ്‌നാട് (1,162), മധ്യപ്രദേശ് (1,066), കർണാടക (1,006) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുകൾ. ലോക്‌സഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവിയാണ് കണക്കുകൾ പങ്കുവെച്ചത്. കേന്ദ്രീയ വിദ്യാലയങ്ങളിൽ 12,044 അധ്യാപക തസ്തികകളും 1,332 അനധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. പശ്ചിമ ബംഗാൾ (964), ഒഡിഷ (886), മഹാരാഷ്ട്ര (705) എന്നീ സംസ്ഥാനങ്ങളിലും ഒഴിവുകളുണ്ട്.
ഇതില്‍ 457 അധ്യാപക തസ്തികകൾ ഒബിസി വിഭാഗത്തിന് സംവരണം ചെയ്തതാണ്. പട്ടികജാതിക്കാർക്ക് 337 എണ്ണമുണ്ട്. 168 എസ്‍ടി തസ്തികകളും 163 സാമ്പത്തിക പിന്നാക്ക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. നവോദയ വിദ്യാലയങ്ങളിൽ ഇത് യഥാക്രമം 676, 470, 234, 194 എന്നിങ്ങനെയാണ്.
നവോദയയിലെ ഒഴിവ് ഏറ്റവും കൂടുതൽ ഝാർഖണ്ഡിലാണ് ‑230. അരുണാചൽ പ്രദേശിലും അസമിലും 215 വീതം ഒഴിവാണുള്ളത്. സ്ഥലംമാറ്റം, വിരമിക്കൽ എന്നിവ മൂലമാണ് ഒഴിവുകൾ ഉണ്ടാകുന്നതെന്ന് മന്ത്രി അറിയിച്ചു. ഒഴിവുകൾ നികത്തുന്നത് തുടർപ്രക്രിയയാണെന്നും റിക്രൂട്ട്മെന്റ് വ്യവസ്ഥയനുസരിച്ച് ഒഴിവുകൾ നികത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അധ്യാപന-പഠന പ്രക്രിയ തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രീയ വിദ്യാലയ സംഘതൻ (കെവിഎസ്) താല്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
English Summary: 15,000 teacher posts are lying vacant under the Central Govt
You may like this video also