Site iconSite icon Janayugom Online

152 വിക്കറ്റുകള്‍; ചരിത്രം കുറിച്ച് ദീപ്തി

വനിതാ ടി20 ക്രിക്കറ്റില്‍ റെക്കോഡ് കുറിച്ച് ഇന്ത്യന്‍ താരം ദീപ്തി ശര്‍മ്മ. ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡാണ് ദീപ്തി സ്വന്തം പേരിലാക്കിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തിലാണ് ദീപ്തിയുടെ നേട്ടം. 130 ഇന്നിങ്സില്‍ നിന്ന് 152 വിക്കറ്റുകളാണ് ദീപ്തി എറിഞ്ഞിട്ടത്. ഓസ്ട്രേലിയയുടെ മേഘന്‍ ഷട്ടിന്റെ (151) റെക്കോഡാണ് മറികടന്നത്. കരിയറില്‍ ആകെ 334 വിക്കറ്റ് നേട്ടമാണ് ദീപ്തി സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തില്‍ 15 റണ്‍സിന്റെ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് മാത്രമാണ് നേടാനായത്.

Exit mobile version