റഷ്യന്‍ സെെനിക നടപടി ആരംഭിച്ചതിനു ശേഷം ഉക്രെയ്‍നില്‍ 412 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഉക്രെയ്ന്‍. 158 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 254 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഉക്രെയ്‍ന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ കണക്ക്.
കീവില്‍ 75, ഡൊണട്‍സ്‍ക് മേഖലയില്‍ 71, കര്‍കീവില്‍ 56, മെെക്കോലെെവിലും ലുഹന്‍സ്‍കിലും 31 വീതം കുട്ടികളെ സെെനിക നടപടി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ആക്രമണം തുടരുന്ന മരിയുപോള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിക്കാനായിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. മാർച്ച് 18 ന് ചെര്‍ണീവില്‍ സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ റഷ്യന്‍ സേന നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ 13 പേരില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും പ്രോസിക്യൂട്ടര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെെക്കോലെെവിലെ സര്‍ക്കാര്‍ ഓഫീസിലുണ്ടായ മിസെെലാക്രമണത്തില്‍ 35 പേര്‍ മരിച്ചതായി സിറ്റി ഗവര്‍ണര്‍ അറിയിച്ചു. മരിയുപോളിലുള്‍പ്പെടെ ഉക്രെയ്‍ന്റെ തെക്ക് കിഴക്കന്‍ മേഖലകളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നതെന്ന് ഉക്രെയ്‍ന്‍ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച്ച് പറഞ്ഞു.
അതിനിടെ, ഉക്രെയ്‍നിലെ രണ്ട് നഗരങ്ങളില്‍ റഷ്യ മിസെെലാക്രമണം നടത്തി. മധ്യ ഉക്രെയ്‍നിയന്‍ നഗരമായ പോള്‍ടാവയിലും ക്രമന്‍ചുക്കിലുമാണ് ആക്രമണം നടന്നത്. മിസെെലാക്രമണത്തില്‍ ഗുരുതര നാശനഷ്ടങ്ങളുണ്ടായതായി പോള്‍ടാവ പ്രാദേശിക ഭരണകൂടം അറിയിച്ചു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കീവില്‍ നിന്നും ചെര്‍ണീവില്‍ നിന്നും റഷ്യന്‍ സെെന്യം പിന്‍വാങ്ങുകയാണെന്ന് ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി പറഞ്ഞു. എന്നാല്‍, പിന്മാറ്റം നടത്തുന്ന സ്ഥലങ്ങളിലും മൃതശരീരങ്ങളിലും മെെനുകള്‍ സ്ഥാ പിച്ച് സമ്പൂര്‍ണ ദുരന്തം സൃഷ്ടിക്കാന്‍ റഷ്യന്‍ സെെന്യം പദ്ധതിയിടുന്നതായും സെലന്‍സ്‍കി ആരോപിച്ചു.
ഡോൺബാസ് മേഖലയിലും കര്‍കീവിലും റഷ്യ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന മുന്നറിയിപ്പുകളും അദ്ദേഹം ആവർത്തിച്ചു. ക്രിമിയയിൽ നിന്ന് സൈനികരെ സജ്ജമാക്കാന്‍ റഷ്യ ശ്രമിക്കുന്നതായും സെലെൻസ്‍കി പറഞ്ഞു. റഷ്യന്‍ സെെന്യത്തിന്റെ എട്ട് ടാങ്കുകൾ, 44 കവചിത വാഹനങ്ങൾ, 16 മറ്റ് വാഹനങ്ങൾ, 10 പീരങ്കി സംവിധാനങ്ങൾ എന്നിവ നശിപ്പിച്ച് പ്രതിരോധം ശക്തമാക്കിയതായി ഉക്രെയ്‍ന്‍ സെെന്യം അറിയിച്ചു. കീവില്‍ സെെനിക യൂണിറ്റുകളുടെ 20 ശതമാനവും റഷ്യ പിന്‍വലിച്ചതായും ഉക്രെയ്‍ന്‍ വ്യക്തമാക്കി.
അതേസമയം, മരിയുപോളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള രക്ഷാദൗത്യം റെഡ് ക്രോസ് പുനരാരംഭിച്ചു. ഉക്രെയ്ൻ സന്ദർശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യമായ മാൾട്ടയിലേക്കുള്ള സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.
English Summary: 158 children killed in Ukraine
You may like this video also