Site iconSite icon Janayugom Online

സിക്കിമില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു: മലയാളിയടക്കം 16 സൈനികര്‍ മരിച്ചു

സിക്കിമില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം 16 സൈനികര്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആകാശമാര്‍ഗം ആശുപത്രിയില്‍ എത്തിച്ചു. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് മരിച്ച മലയാളി. ചൈനയുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന നോർത്ത് സിക്കിം മേഖലയിലെ സെമ എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം.

ചാറ്റെനില്‍ നിന്ന് ഥാങ്ങുവിലേക്ക് പോയ സൈനിക വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. വലിയ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മലയിടുക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരാണ്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. 221 റജിമെന്റിൽ നായക് ആയിരുന്ന വൈശാഖ് നാലുവർഷം മുമ്പാണ് സൈന്യത്തിൽ ചേർന്നത്. ഒക്ടോബറിലാണ് ഒരു മാസത്തെ ലീവ് കഴിഞ്ഞ് മടങ്ങിയത്. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി.

Eng­lish Sum­ma­ry: 16 jawans killed as Army truck falls into gorge in Sikkim
You may also like this video

Exit mobile version