Site iconSite icon Janayugom Online

കറാച്ചിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് 16 മരണം

കറാച്ചിയിലെ പാർപ്പിട സമുച്ചയത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് 16 മരണം. സോൾജിയർ ബസാർ മേഖലയിലെ മൂന്ന് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് അപകടം. പരിക്കേറ്റ 14 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരില്‍ ഒമ്പത് പേര്‍ കുട്ടികളാണ്. പാചകം ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. വാതക പൈപ്പ് ലൈനിലെ ചോർച്ചയോ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു വീഴുകയും സമീപത്തെ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. തകർന്ന കെട്ടിടം നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തില്‍ പ്രസിഡന്റ് ആസിഫ് അലി സർദാരി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനും സമഗ്രമായ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. 

Exit mobile version