Site iconSite icon Janayugom Online

ഓടാന്‍ റൂട്ടില്ലാതെ 16 വന്ദേഭാരതുകള്‍ ഷെഡില്‍

നിർമ്മാണം പൂർത്തിയായിട്ടും സർവീസ് നടത്താൻ പറ്റിയ റൂട്ടുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ 16 വന്ദേ ഭാരത് തീവണ്ടികൾ ഷെഡില്‍ കിടക്കുന്നു. ഇവയുടെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലാതെ ഇരുട്ടിൽത്തപ്പുകയാണ് റയിൽവേ അധികൃതർ.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐസിഎഫ്)യിലാണ് രൂപകല്പനയും നിർമ്മാണവും അനുബന്ധ പരിശോധനകളും കഴിഞ്ഞ് ഓട്ടത്തിന് യോഗ്യമായ വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകൾ അവസരം കാത്ത് കഴിയുന്നത്. പണി പൂർത്തിയായി പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് ഇവയ്ക്ക് ഓടാൻ അനുയോജ്യമായ റൂട്ടുകൾ പരിമിതമാണെന്ന കാര്യം അധികരുടെ തലയിലുദിച്ചത്.
വന്ദേഭാരതിന് മണിക്കൂറിൽ 130 — 160 കിലോമീറ്ററിനിടയിൽ വേഗം കൈവരിക്കാവുന്ന റൂട്ടുകൾ വേണം. സിഗ്നലുകൾ നവീകരിച്ചതാവണം. മറ്റ് വണ്ടികളുടെ സമയത്തെ ബാധിക്കാത്ത തരത്തിലുള്ളതും ലാഭകരവുമാകണം. അത്തരം റൂട്ടുകൾ നിലവിൽ ഇന്ത്യൻ റെയിൽവേയിൽ കുറവാണ്. 

ഈ വണ്ടികൾക്കു സുഗമമായി കടന്നുപോകുന്നതിനുവേണ്ടി എക്സ്പ്രസുകളടക്കം പല തീവണ്ടികളും പിടിച്ചിടാൻ തുടങ്ങിയതോടെ ജോലി സ്ഥലങ്ങളിലും മറ്റും സമയത്ത് എത്താൻ കഴിയാത്ത യാത്രക്കാർ അടുത്തകാലത്ത് പല റെയിൽവേ സ്റ്റേഷനുകളിലും കൂട്ടമായി പ്രതിഷേധിച്ചിരുന്നു. ഒരു വന്ദേ ഭാരതിന് കടന്നുപോകാൻ പിടിച്ചിടേണ്ടതായി വരുന്നത് നാലോ അഞ്ചോ ട്രെയിനുകളാണ്. എട്ട് കോച്ചുകളുള്ള ഒരു വന്ദേ ഭാരതിൽ യാത്ര ചെയ്യുന്നത് ഏറിയാൽ 500 പേരാണ്. വന്ദേ ഭാരതിനു വേണ്ടി പിടിച്ചിടുന്ന മറ്റു വണ്ടികളിലുണ്ടാകുന്ന യാത്രക്കാർ 5,000 ത്തിന് മേലെയും.

കേരളത്തിൽ സർവീസ് നടത്തിയിരുന്ന മൂന്ന് വന്ദേഭാരത് ട്രയിനുകളിൽ ബംഗളൂരു — എറണാകുളം സ്പെഷ്യൽ ട്രെയിൻ ഒരു മാസത്തെ ഓട്ടത്തിന് ശേഷം റദ്ദാക്കുകയും ഓണക്കാല തിരക്ക് കണക്കിലെടുത്ത് പോലും പുനഃസ്ഥാപിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുമ്പോഴാണ്, 16 വണ്ടികൾ ചെന്നൈയിൽ വെറുതെ ഇട്ടിരിക്കുന്നത്. ബംഗളൂരു — എറണാകുളം റൂട്ട് ലാഭകരവുമായിരുന്നു. 

Exit mobile version