ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു ഇതിഹാസ റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 16,000 റൺസ് തികയ്ക്കുന്ന താരമെന്ന ബഹുമതിയാണ് കോലി സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡാണ് കോലി തിരുത്തിക്കുറിച്ചത്.
ബംഗളൂരുവിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ആന്ധ്രപ്രദേശിനെതിരായ മത്സരത്തിലാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്. ഡൽഹിക്ക് വേണ്ടി കളത്തിലിറങ്ങിയ താരം തന്റെ 330-ാം ഇന്നിങ്‌സിലാണ് 16,000 റൺസ് ക്ലബ്ബിലെത്തിയത്. സച്ചിൻ ടെണ്ടുൽക്കർ 391 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചിരുന്നത്. സച്ചിനെക്കാൾ 61 ഇന്നിംഗ്‌സുകൾ കുറച്ചു കളിച്ചാണ് കോലി ഈ നേട്ടത്തിലെത്തിയത് എന്നത് ശ്രദ്ധേയമാണ്.
മത്സരത്തിൽ 101 പന്തിൽ നിന്ന് 14 ഫോറുകളും 3 സിക്സറുകളും അടക്കം 131 റൺസ് നേടി കോലി തന്റെ മടങ്ങിവരവ് ഗംഭീരമാക്കി.
ആന്ധ്ര ഉയർത്തിയ 299 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ഡൽഹിയെ വിജയത്തിലേക്ക് നയിച്ചതും കോലിയുടെ ഈ സെഞ്ചുറി കരുത്താണ്. 10,000 റൺസ് മുതൽ ഓരോ 1000 റൺസ് ബ്ലോക്കുകളിലും ഏറ്റവും വേഗത്തിൽ എത്തുന്ന താരമെന്ന റെക്കോഡ് ഇപ്പോൾ കോലിക്കാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ഒൻപതാമത്തെ താരവും രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് അദ്ദേഹം. ഈ നേട്ടം കൈവരിച്ചവരിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയും കോലിക്കുണ്ട്. നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2010‑ലായിരുന്നു അദ്ദേഹം അവസാനമായി വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചത്. നിലവിൽ ഈ ടൂർണമെന്റിൽ 17 മത്സരങ്ങളിൽ നിന്നായി 910 റൺസ് കോലി നേടിയിട്ടുണ്ട്. ഇതിൽ നാല് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച കോലിയെ ഇനി ഇന്ത്യൻ കുപ്പായത്തിൽ കാണാവുന്നത് ജനുവരി 11‑ന് ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലായിരിക്കും.

