രാജ്യത്ത് വ്യാവസായിക‑വാണിജ്യ മേഖലയില്‍ അപകടങ്ങളും മരണങ്ങളും വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വ്യാവസായിക മേഖലയിലുണ്ടായ അപകടങ്ങളില്‍ മരണപ്പെട്ടത് 162 തൊഴിലാളികളാണെന്ന് ജെനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഗ്ലോബല്‍ യൂണിയന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
140 രാജ്യങ്ങളിലെ ഖനന, ഊര്‍ജ ഉല്പാദന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കോടിയിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയന്റെ റിപ്പോര്‍ട്ട് പ്രകാരം, ഒരു മാസം ശരാശരി ഏഴ് അപകടങ്ങളാണ് ഈ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അപകടങ്ങള്‍ വഴി നിരവധി പേര്‍ക്ക് സ്ഥിരമായി ശാരീരിക വൈകല്യമുണ്ടാവുകയോ മാരകമായി മുറിവേല്‍ക്കുകയോ ചെയ്യുന്നുണ്ടെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. ആശങ്കാജനകമായ ഈ സ്ഥിതി തുടരുന്നുവെന്നാണ്, ഈ വര്‍ഷത്തെ ചുരുങ്ങിയ ആഴ്ചകള്‍ക്കുള്ളില്‍ നടന്ന നിരവധി അപകടങ്ങള്‍ തെളിയിക്കുന്നത്.
ജനുവരി ഒന്നിന് തമിഴ്‌നാട് വിരുതനഗര്‍ ജില്ലയില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. ഇതേ ജില്ലയില്‍ തന്നെ അഞ്ചിന് നടന്ന അപകടത്തില്‍ മുന്നുപേരും കഴിഞ്ഞ ശനിയാഴ്ച നടന്ന അപകടത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടു. ഗുജറാത്തിലെ സൂററ്റില്‍ ടെക്സ്റ്റൈല്‍ ഡൈയിങ് ആന്റ് പ്രിന്റിങ് ഫാക്ടറിയിലെ വിഷവാതക ചോര്‍ച്ചയില്‍ ആറ് തൊഴിലാളികള്‍ മരിക്കുകയും 29 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതും കര്‍ണാടകയില്‍ വിഷവാതകം ശ്വസിച്ച് മത്സ്യ സംസ്കരണ യൂണിറ്റിലെ 20 തൊഴിലാളികള്‍ ആശുപത്രിയിലായതും ഈ മാസം തന്നെയാണ്.
സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ലൈസന്‍സ് നടപടികളിലും പരിശോധനകളിലും ഇളവ് നല്‍കുകയും സ്വയം സാക്ഷ്യപത്രം നല്‍കുന്നതിന് അനുവദിക്കുകയും ചെയ്തതാണ് ഇത്തരം അപകടകരമായ സ്ഥിതിയുണ്ടായതിന്റെ കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നത്. വ്യവസായമേഖലയ്ക്ക് ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ചില കമ്പനികളെ ആരോഗ്യ‑സുരക്ഷാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ആരോഗ്യ‑സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പണം ചെലവഴിക്കാത്തതും കാലപ്പഴക്കം ചെന്ന ഉപകരണങ്ങള്‍, മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കൃത്യമായ പരിശീലനമില്ലായ്മ തുടങ്ങിയവയും തൊഴിലാളികള്‍ക്കുള്ള അപകടസാധ്യതകള്‍ വര്‍ധിപ്പിച്ചുവെന്നും യൂണിയന്‍ അഭിപ്രായപ്പെടുന്നു.
ഫാക്ടറികള്‍, തുറമുഖങ്ങള്‍, ഖനികള്‍, നിര്‍മ്മാണ മേഖല എന്നിവയില്‍ കഴിഞ്ഞ വര്‍ഷം ജോലിക്കിടയില്‍ 6,500 തൊഴിലാളികള്‍ മരണപ്പെട്ടുവെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഫാക്ടറികളിലാണ് ഇവയില്‍ ഭൂരിഭാഗം മരണങ്ങളും സംഭവിച്ചതെന്നും 2017ലും 2018ലും ഇവയില്‍ 20 ശതമാനം വര്‍ധനവുണ്ടായെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
English Summary: 162 de-aths in a year from industrial ac-cidents
You may like this video also