Site icon Janayugom Online

ഹെയ്തിയൻ കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 17 മരണം

ബഹാമസ് തീരത്ത് നിന്ന് ഹെയ്തിയൻ കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 17 പേർ മരിച്ചു. 25 പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി. ന്യൂ പ്രൊവിഡന്‍സില്‍ നിന്ന് ഏഴ് മെെല്‍ അകലെയാണ് ബോട്ട് മുങ്ങിയത്. മരിച്ചവരില്‍ 15 സ്ത്രീകളും ഒരു പുരുഷനും കുഞ്ഞും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബഹാമസ് പ്രധാനമന്ത്രി ഫിലിപ്പ് ബ്രേവ് ഡേവിസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെയും ബഹാമാസിലെ ജനങ്ങളുടെയും അനുശോചനം അറിയിക്കുന്നതായും അ­ദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഹെയ്തി പ്രധാനമന്ത്രി എരിയല്‍ ഹെന്‍റിയും ദുഃഖം രേഖപ്പെടുത്തി. 60 ലധികം ആളുകളുമായി ബഹാമസില്‍ നിന്ന് മിയാമിയിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയിസ് കൊല്ലപ്പെട്ടതിന് ശേഷം ആള്‍ക്കൂട്ട ആക്രമണം കൂടുതല്‍ വഷളാവുകയും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്തതാണ് നിലവില്‍ അരക്ഷിതാവസ്ഥയ്ക്ക് കാരണം. കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ പാളിയതോടെ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ വഴിമുട്ടി. മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിതം തേടി രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച് തടവിലാക്കപ്പെട്ട ഹെയ്തിക്കാരുടെ എണ്ണം വർധിച്ചതായി യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Eng­lish Summary:17 dead after boat car­ry­ing Hait­ian migrants sinks
You may also like this video

Exit mobile version