Site iconSite icon Janayugom Online

പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്ന സംഭവം; പാരിസില്‍ കലാപ സാധ്യതയെന്ന് സര്‍ക്കാര്‍

ട്രാഫിക് നിയമം ലംഘിച്ചതിന് പതിനേഴുകാരനെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പാരിസില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാർ അക്രമാസക്തരായ സാഹചര്യത്തിൽ പൊലീസ് ഇടപെടൽ കടുപ്പിക്കുമെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം വ്യക്തമാക്കി. പാരിസിലാകെ വിവിധ മേഖലകളിൽ കർഫ്യൂ തുടരുകയാണ്. ബസ്, ട്രാം തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിവച്ചു. ബുധനാഴ്ചത്തെ സാഹചര്യം കണക്കിലെടുത്ത് മറ്റൊരു കലാപ സാധ്യത തള്ളിക്കളയാൻ ആകില്ലെന്ന് സർക്കാർ ഉപദേഷ്ടാവ് എഎഫ്‍പിയോട് പറഞ്ഞു.

പ്രതിഷേധം അക്രമാസക്തമാകുന്നത് ന്യായീകരിക്കാനാകില്ലെന്ന് സമാധാനത്തിനു ആഹ്വാനം ചെയ്തുകൊണ്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. സമാധാനം നിലനിർത്തുന്നതിനും സാഹചര്യം നിയന്ത്രണവിധേയമാക്കാനും വ്യാഴാഴ്ച കലാപബാധിത പ്രദേശങ്ങളിൽ പതിനായിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ആഫ്രിക്കൻ വംശജനായ ന­െ­യ്‍ലി എന്ന പതിനേഴുകാരനെയാണ് പാരിസിലെ നാന്‍ടെറിയില്‍ പൊലീസ് കഴിഞ്ഞ 27ന് വെടിവച്ച് കൊന്നത്. കാർ നിർത്താൻ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടർന്നായിരുന്നു വെടിവയ്പ്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലറങ്ങുകയായിരുന്നു. ന­െ­യ്‍­ലിന്റെ അമ്മയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പാരിസിലും മറ്റ് നഗരങ്ങളിലുമായി സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, വാഹന­ങ്ങള്‍ എന്നിവ അഗ്നിക്കിരയാക്കിയതിന് 600 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 200 പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസിനെ ഒന്നടങ്കം കുറ്റപ്പെടുത്തുകയല്ലെന്നും കുട്ടിയെ വെടിവച്ച പൊലീസുകാരനോടാണ് പ്രതിഷേധമെന്നും കൊല്ലപ്പെട്ട ന­െ­യ്‍ലിന്റെ അമ്മ മൗനിയ മാധ്യമങ്ങളോട് പറഞ്ഞു. കൗമാരക്കാരനെതിരെ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. 2005ല്‍ രണ്ട് ആണ്‍കുട്ടികളെ പൊലീസ് വെടിവച്ച് കൊന്നതിന് പിന്നാലെയുണ്ടായ കലാപം ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അന്ന് ആഫ്രിക്കൻ വംശജരായ കുട്ടികളെ വെടിവച്ചതിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 6000 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: 17-year-old shot dead by police; Risk of riots in Paris
You may also like this video

Exit mobile version