Site iconSite icon Janayugom Online

1700 മെഡിക്കൽ ബിരുദാനന്തര സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു

doctorsdoctors

മെഡിക്കൽ ബിരുദാനന്തര പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട്ഓഫ് ശതമാനം പൂജ്യമാക്കിട്ടും 1700 സൂപ്പര്‍സ്പെഷ്യാലിറ്റി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. സെപ്റ്റംബര്‍ 20നാണ് പിജി നീറ്റ് പരീക്ഷയില്‍ ഹാജരായ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വട്ട കൗണ്‍സിലിങ്ങിന് ശേഷം ഒഴിവുള്ള എംഡി, എംഎസ് സീറ്റുകളില്‍ പ്രവേശനം നേടാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
നേരത്തെ സംവരേണതര വിഭാഗത്തിന് 50 ശതമാനവും ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനവും സംവരണ വിഭാഗത്തിന് 40 ശതമാനവുമായിരുന്നു കട്ട്ഓഫ്. വര്‍ഷംതോറും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് കട്ട്ഓഫ് പൂജ്യമാക്കിയതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദേശീയതലത്തില്‍ മൂന്നാം റൗണ്ട് കൗൺസിലിങ് നടപടികൾ ആരംഭിച്ചെങ്കിലും 105 സീറ്റുകളില്‍ ആരും താല്പര്യം കാണിച്ചില്ല. 400 സീറ്റുകളില്‍ ആദ്യ രണ്ടുദിനം ആരും ചേര്‍ന്നിട്ടുമില്ല. റിപ്പോര്‍ട്ടിങ് സമയം അടുത്ത ആഴ്ച അവസാനിക്കും.
കട്ട്ഓഫ് കുറച്ചിട്ടും അഖിലേന്ത്യാ വിഭാഗത്തില്‍ 500 സീറ്റുകളും സംസ്ഥാന വിഭാഗത്തില്‍ 1200 ഓളവും സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തിലാണ് ഒഴിവുള്ളത്. മെഡിക്കല്‍ കോളജുകളിലെ അന്തിമ പട്ടിക അടുത്ത 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, മൈക്രോബയോളജി, ഫാര്‍മകോളജി എന്നിവയാണ് നോണ്‍ ക്ലിനിക്കല്‍ പട്ടികയിലുള്ളത്. ഈ വിഭാഗങ്ങളില്‍ ക്ലിനിക്കല്‍ പ്രാക്ടീസിനുള്ള അവസരങ്ങളില്ല എന്നതിനാല്‍ കാലങ്ങളായി വിദ്യാര്‍ത്ഥികള്‍ ഈ കോഴ്സുകളില്‍ താല്പര്യം കാണിക്കാറില്ല.
കട്ട്ഓഫ് ശതമാനം 40 ആക്കിയ കഴിഞ്ഞ വര്‍ഷം 49,000 എംഎസ് സീറ്റുകളില്‍ 4,400 എണ്ണം ഒഴിഞ്ഞുകിടന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നീറ്റ്-പിജി കട്ട്ഓഫ് ശതമാനം പൂജ്യമാക്കിയതിനെ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ, ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകള്‍ അനുകൂലിച്ചപ്പോള്‍ മുതിര്‍ന്ന ആരോഗ്യ വിദഗ്ധര്‍ എതിര്‍ത്തിരുന്നു.

Eng­lish Sum­ma­ry: 1700 med­ical post grad­u­ate seats are vacant

You may also like this video

Exit mobile version