Site iconSite icon Janayugom Online

തിരുവനന്തപുരം റെയില്‍വേ ഡിവിഷന് 1716 കോടിയുടെ വരുമാനം

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം 1716.42 കോടി രൂപയുടെ വരുമാനം നേടിയതായി തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ.മനീഷ് ധപ്യാല്‍ പറഞ്ഞു.റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ യാത്രക്കാരില്‍ ഒന്‍പതു ശതമാനം വര്‍ധനയുണ്ട്. 8.10 കോടി പേരാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍നിന്നു യാത്രചെയ്തത്. ചരക്കുകടത്തില്‍ 305.19 കോടി രൂപയും ടിക്കറ്റിതര വിഭാഗത്തില്‍ 24.38 കോടി രൂപയും നേടി.75 കിലോമീറ്റര്‍ പാത നവീകരിക്കുകയും 10 പ്രധാന പാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തതോടെ തിരുവനന്തപുരം-എറണാകുളം പാതയില്‍ 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ കഴിയുന്നുണ്ട്.

32 സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തിലൂടെ സിഗ്‌നല്‍ നവീകരിച്ചു. ഇതോടെ തീവണ്ടികള്‍ക്ക് കൂടുതല്‍ വേഗമെടുക്കാന്‍ കഴിയും. ശബരിമല മണ്ഡലകാല പ്രത്യേക തീവണ്ടികളില്‍ അഞ്ചുലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്. അപകടങ്ങളുണ്ടാകാതിരുന്നതും സുരക്ഷാസംവിധാനങ്ങളുടെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. 

Exit mobile version