താഴ്‌ന്ന‑ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ മൂന്നിനും നാലിനുമിടയില്‍ പ്രായമുള്ള നാലില്‍ മൂന്ന് കുട്ടികള്‍ക്കും പോഷകാഹാരക്കുറവെന്ന് ലാന്‍സെറ്റ് പഠനം. ഇത്തരത്തില്‍ 18.2 കോടി കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ച നഷ്ടപ്പെടുന്നതായി കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് പ്രസിദ്ധീകരിച്ച പഠന പരമ്പരയില്‍ പറയുന്നു. രണ്ടിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. രണ്ട് വയസിന് ശേഷമുള്ള 1,000 ദിവസങ്ങളാണ് പഠനവിധേയമാക്കിയത്. ഗര്‍ഭകാലം മുതല്‍ രണ്ടാം പിറന്നാള്‍ വരെയുള്ള 1,000 ദിനങ്ങള്‍ പോലെ കുട്ടികളിലെ മാനസികവും ശാരീരികവുമായ വികാസത്തില്‍ പിന്നീടുള്ള ആയിരം ദിവസങ്ങളും പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ഈ ദിവസങ്ങളില്‍ ഇവര്‍ക്ക് മതിയായ പോഷകാഹാരമോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഈ കാലയളവിലെ കുട്ടികളുടെ മാനസികാരോഗ്യം, വ്യക്തിവികാസത്തിലെ കാലതാമസം, വൈകല്യങ്ങള്‍, പോഷകാഹാരം, പരിലാളന, ആക്രമണോത്സുകത, പരിപാലകരുടെ മാനസികാരോഗ്യം, പിതാവിന്റെ സാന്നിധ്യം, ബാല്യകാല പരിപാലനം, വിദ്യാഭ്യാസ ചുറ്റുപാട്, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം വ്യക്തിവികാസത്തെ ബാധിക്കുന്നു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കായി കൂടുതല്‍ പണം നീക്കി വയ്ക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മികച്ച നിലവാരത്തിലുള്ള ശൈശവ പരിചരണവും വിദ്യാഭ്യാസ പദ്ധതികളും അത്യന്താപേക്ഷിതമാണ്. താഴ്‌ന്ന‑ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ശിശു പരിചരണത്തിനും വിദ്യാഭ്യാസത്തിനുമായി മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 0.15 ശതമാനം വേണ്ടിവരും. ചെലവാകുന്നതിന്റെ എട്ട് മുതല്‍ 19 ഇരട്ടി വരെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും പഠനത്തില്‍ പറഞ്ഞുവയ്ക്കുന്നു. ശൈശവ പരിചരണവും വിദ്യാഭ്യാസ പദ്ധതികളും ലഭ്യമാകാത്ത കുട്ടികള്‍ക്ക് ശരിയായ പരിപോഷണത്തിനുള്ള അവസരമാണ് നഷ്ടമാകുന്നത്. കൃത്യമായ പദ്ധതി ആസൂത്രണത്തിലൂടെയും നടത്തിപ്പിലൂടെയും 80 ശതമാനം കുട്ടികളിലും മാറ്റങ്ങള്‍ സാധ്യമാണെന്നും പഠനത്തില്‍ കണ്ടെത്തി. ഇത്തരം പദ്ധതികള്‍ പ്രതിവര്‍ഷം പരിഷ്കരിക്കണ്ടേതുണ്ട്. ഭക്ഷ്യ സഹായങ്ങള്‍, പോഷകാഹാര സപ്ലിമെന്റുകള്‍, പരിചരണം എന്നിവ കുട്ടികളുടെ നിര്‍ണായകമായ 1,000 ദിവസങ്ങളില്‍ ഉറപ്പുവരുത്തണമെന്നും പഠനത്തില്‍ പറയുന്നു.