Site iconSite icon Janayugom Online

തിരികെ ജീവിതത്തിലേക്ക് ഇനി 18 മീറ്റര്‍ ദൂരം

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന തുരങ്കത്തില്‍ ദിവസങ്ങളായി കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അന്തിമഘട്ടത്തിലേക്ക്. തൊഴിലാളികളിലേക്ക് എത്താന്‍ ഇനി 18 മീറ്റര്‍ ദൂരം.
41 തൊഴിലാളികളാണ് ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയത്. മരണമുഖത്തുനിന്നുള്ള മോചനം ഇന്ന് സാധ്യമായേക്കുമെന്നാണ് പ്രതീക്ഷ. രക്ഷാപ്രവര്‍ത്തനം ഇന്ന് പന്ത്രണ്ടാം ദിനത്തിലേക്ക് കടക്കും. 

അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്ന് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയാണ് ഒടുവില്‍ ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നത്. ചൊവ്വാഴ്ച രാത്രി 12.45ന് ഓണ്‍ ചെയ്ത ഡ്രില്ലിങ് മെഷീന്‍ ഇന്നലെ രാത്രിവരെ 39 മീറ്റര്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി. ഏഴ് പൈപ്പുകളും സ്ഥാപിച്ചു. ഭൂമിക്കടിയില്‍ 57 മീറ്റര്‍ ആഴത്തിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇനി 18 മീറ്റര്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് രക്ഷാദൗത്യത്തിന്റെ നോഡല്‍ ഓഫിസറായ മഹ്മൂദ് അഹമ്മദ് പറഞ്ഞു.

പൈപ്പുകള്‍ വെല്‍ഡ് ചെയ്യേണ്ടതിനാല്‍ ദൗത്യത്തിന് കൂടുതല്‍ സമയമെടുക്കുന്നുണ്ട്. എങ്കിലും 24 മണിക്കൂറിനകം തൊഴിലാളികളുടെ അടുത്തെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അവശിഷ്ടങ്ങള്‍ ഇടിഞ്ഞുവീഴുന്നതും ഡ്രില്ലിങ് മെഷീന് തകരാര്‍ സംഭവിക്കുന്നതുമാണ് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കുന്നത്. ഒഎന്‍ജിസി അടക്കമുള്ള അഞ്ചു സര്‍ക്കാര്‍ ഏജന്‍സികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരിക്കുന്നത്. അന്താരാഷ്ട്ര ടണലിങ് ആന്റ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്‌സന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രക്ഷാപ്രവര്‍ത്തനം രണ്ടാം ആഴ്ചയിലേക്ക്‌ നീങ്ങിയാലും തൊഴിലാളികള്‍ക്ക്‌ ആവശ്യമായ വെള്ളവും ഓക്‌സിജനും ലഭ്യമാണെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു. 

Eng­lish Summary:18 meters to go back to life
You may also like this video

Exit mobile version