രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഒപ്പുവയ്ക്കാതെ വൈകുന്നത് പതിവെന്ന് റിപ്പോര്‍ട്ട്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നും ഇത്തരം രീതികള്‍ നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് 2024ല്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ വരുത്തിയ കാലതാമസത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. ബില്ലുകള്‍ ഒപ്പിടുന്നതിന് കാലപരിധി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിനെ രാഷ്ട്രപതി കഴിഞ്ഞദിവസം വിശേഷാധികാരത്തിലൂടെ ചോദ്യംചെയ്തിരുന്നു.
രാജ്യത്തെ സംസ്ഥാന നിയമസഭകള്‍ 2024ല്‍ 500ലധികം ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2024ല്‍ വിവിധ സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ 18 ശതമാനവും മൂന്ന് മാസത്തിലധികം കഴിഞ്ഞാണ് അംഗീകാരം ലഭിച്ചത്. 2025 ഏപ്രില്‍ വരെ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ബില്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബില്ലുകളുടെ 72 ശതമാനത്തിനും അംഗീകാരം ലഭിക്കാന്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ എടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ 38 ശതമാനവും കാലതാമസം നേരിട്ടു. സിക്കിമില്‍ 56 ശതമാനം ബില്ലുകള്‍ക്കും താമസം നേരിട്ടു. അതേസമയം അരുണാചല്‍ പ്രദേശ്, ബിഹാര്‍, ഡല്‍ഹി, മിസോറാം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ ബില്ലുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ അംഗീകാരം ലഭിച്ചു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് നിയമസഭകള്‍ കഴിഞ്ഞ വര്‍ഷം വെറും 16 ദിവസം മാത്രമാണ് ചേര്‍ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ദേശീയ ശരാശരി 20 ദിവസമാണ്. ഏറ്റവും ഫലപ്രദമായി സമ്മേളനങ്ങള്‍ ഉപയോഗിച്ചത് കേരളാ നിയമസഭയാണെന്നും സംസ്ഥാന നിയമസഭകളുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ സമ്മേളിച്ചത് ഒഡിഷയാണ് — 42 ദിവസം. 38 ദിവസവുമായി കേരളം രണ്ടാം സ്ഥാനത്തുണ്ട്.
2017 മുതല്‍ 2024 വരെ കേരള നിയമസഭ ചേര്‍ന്നത് ശരാശരി 44 ദിവസമാണ്. തൊട്ടുപിന്നാലെ ഒഡിഷ 40, കര്‍ണാടക 34. അക്കാലയളവില്‍ കേരളം 228, ഒഡിഷ 193, മഹാരാഷ്ട്ര 187, രാജസ്ഥാന്‍ 187, ഗോവ 172, ഛത്തീസ്ഗഡ് 155 ദിവസങ്ങള്‍ സഭ കൂടുകയും 150 മണിക്കൂറിലധികം പ്രവര്‍ത്തിക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ ആറും നാഗാലാന്‍ഡ് 30ഉം പഞ്ചാബ് 34ഉം പുതുച്ചേരി 46ഉം ദിവസങ്ങളില്‍ സഭ ചേര്‍ന്നെങ്കിലും ശരാശരി 50 മണിക്കൂറില്‍ താഴെ മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

