Site iconSite icon Janayugom Online

രാജ്യത്ത് 180 കോടി യൂണിറ്റ് വൈദ്യുതി ക്ഷാമം

പരിഹാരമില്ലാതെ വൈദ്യുതി പ്രതിസന്ധി തുടരുന്നു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത് 180 കോടി യൂണിറ്റ് വൈദ്യുതി ക്ഷാമം. വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന സ്ഥിതിയിലേക്കും കണക്കുകള്‍ വിരല്‍ചൂണ്ടുന്നു.

ആറ് ദശാബ്ദങ്ങളിലെ ഏറ്റവും രൂക്ഷമായ വൈദ്യുതി ക്ഷാമത്തിലേക്ക് രാജ്യം നീങ്ങിയതോടെ, വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ പവര്‍ കട്ട് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. മണിക്കൂറുകളോളമാണ് വിവിധയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ ചരിത്രത്തിലാദ്യമായി പ്രതിദിന വൈദ്യുതി ആവശ്യം 6000 മെഗാവാട്ട് കടന്നു. ദാദ്രി-2, ഉന്‍ചഹര്‍, കഹാല്‍ഗാവ്, ഫരക്ക, ഝാജ്ജര്‍ എന്നീ വൈദ്യുത നിലയങ്ങളിലെല്ലാം കല്‍ക്കരിയുടെ ശേഖരം കുറവാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര്‍ പ്രദേശില്‍ 3000 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെടുന്നത്. ഇതോടെ ഗ്രാമപ്രദേശങ്ങളില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തി. ഉത്തരാഖണ്ഡിലും ആവശ്യം ഉയര്‍ന്നതോടെ വൈദ്യുതിക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ആന്ധ്രാപ്രദേശില്‍ നിലവില്‍ 50 ദശലക്ഷം യൂണിറ്റിന്റെ കുറവാണുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബിഹാറില്‍ നഗര‑ഗ്രാമപ്രദേശങ്ങളിലെല്ലാം വൈദ്യുതി നിയന്ത്രണം തുടരുകയാണ്. പ്രതിദിനം 200–300 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. പഞ്ചാബില്‍ ലുധിയാന, പാട്യാല, മൊഹാലി തുടങ്ങിയ മേഖലകളിലാണ് വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുള്ള പവര്‍ കട്ട് ജനജീവിതത്തെ ബാധിച്ചിരിക്കുന്നത്. ഹരിയാനയിലും സമാന സ്ഥിതിയാണ്. ഇതോടെ കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനമെടുത്തതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

രാജസ്ഥാനില്‍ വൈദ്യുതി ഉപഭോഗം 30 ശതമാനത്തോളം വര്‍ധിച്ചതോടെ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെയുള്ള വൈദ്യുതി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരപ്രദേശങ്ങളെക്കാള്‍ കൂടുതല്‍ ഗ്രാമങ്ങളിലാണ് പവര്‍ കട്ട് കൂടുതല്‍ സമയം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മണിക്കൂറുകള്‍ നീളുന്ന പവര്‍ കട്ടാണ്. പീക്ക് ഡിമാന്റിനനുസരിച്ച് വൈദ്യുതി നല്‍കാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. വിപണിയില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: 180 crore units of elec­tric­i­ty in the country

You may like this video also

Exit mobile version