Site iconSite icon Janayugom Online

ഓണ്‍ലൈന്‍ വായ്പാ വിതരണം 18,000 കോടി

ഓണ്‍ലൈന്‍ വായ്പകളില്‍ മുന്നില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ട്. 44 ശതമാനം ഓണ്‍ലൈന്‍ വായ്പകളും വിതരണം ചെയ്തിരിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. പശ്ചിമ ഇന്ത്യ (24 ശതമാനം), വടക്കേ ഇന്ത്യ (21 ശതമാനം), കിഴക്കേ ഇന്ത്യ (10 ശതമാനം) എന്നിങ്ങനെയാണ് കണക്ക്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.66 കോടി വായ്പകളിലൂടെ 18,000 കോടിയാണ് ഓണ്‍ലൈന്‍ വായ്പാ സ്ഥാപനങ്ങള്‍ നല്‍കിയതെന്ന് ഫിന്‍ടെക്ക് അസോസിയേഷന്‍ ഫോര്‍ എംപവര്‍മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയിലെ പ്രധാനപ്പെട്ട ഒമ്പത് കമ്പനികളുടെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് ഓണ്‍ലൈന്‍ വായ്പകളില്‍ ഏറ്റവും മുന്നില്‍. യഥാക്രമം 2880 കോടി (16 ശതമാനം), 2520 കോടി (14 ശതമാനം), 1800 കോടി (10 ശതമാനം), 1620 കോടി (ഒമ്പത് ശതമാനം) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത ഓണ്‍ലൈന്‍ വായ്പകളുടെ കണക്ക്. ആന്ധ്രാപ്രദേശ് 1620 കോടി, ഉത്തര്‍പ്രദേശ്, ഡല്‍ഹി 1080 കോടി വീതം എന്നിങ്ങനെയും ഓണ്‍ലൈനായി വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Eng­lish summary;18,000 crore online loan disbursement

You may also like this video;

Exit mobile version