പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ ഐഫോണിന് വേണ്ടി പത്തൊൻപതുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതിനായി മികച്ച നിലവാരമുള്ള റീലുകള്‍ ഉണ്ടാക്കാനാണ് കുട്ടികള്‍ കൊലപാതകത്തിന് മുതിര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ബഹ്‌റായിച്ചിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ബെംഗളൂരു സ്വദേശിയായ ഷദാബ്(19) ആണ് കൊല്ലപ്പെട്ടത്. അമ്മാവന്റെ വിവാഹത്തിനായി നാഗൗർ ഗ്രാമത്തിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഷദാബ്. സംഭവത്തിൽ പതിനാലും പതിനാറും വയസ്സുള്ള രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 20‑ന് രാത്രിയാണ് കൊലപാതകം നടന്നത്. ജൂൺ 21‑നാണ് ഷദാബിനെ കാണാതായതായി റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഗ്രാമത്തിന് പുറത്തുള്ള പേരക്കത്തോട്ടത്തിലെ തകർന്ന കുഴൽക്കിണറിന് സമീപം ഷദാബിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കഴുത്തറുത്ത നിലയിലും തല ഇഷ്ടിക കൊണ്ട് അടിച്ച നിലയിലുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും ഇവരുടെ രണ്ട് കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാമിൽ കൂടുതൽ ലൈക്കുകൾ ലഭിക്കുന്നതിനായി മികച്ച നിലവാരമുള്ള റീലുകൾ ഉണ്ടാക്കുന്നതിനായി ഐഫോൺ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഷദാബിന്റെ ഐഫോൺ ലക്ഷ്യമിട്ട് നാല് ദിവസം മുമ്പ് തന്നെ ഇവർ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സംഭവം നടന്ന രാത്രി, റീൽസ് എടുക്കാനെന്ന വ്യാജേന ഇരുവരും ഷദാബിനെ ഗ്രാമത്തിന് പുറത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് പിന്നിലൂടെ ആക്രമിച്ച് കഴുത്തറുക്കുകയും ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഷദാബിന്റെ ഐഫോണും, കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇഷ്ടികയും പോലീസ് കണ്ടെടുത്തു. പ്രതികളെ ഗോണ്ടയിലെ ഡിവിഷണൽ ജുവനൈൽ റിഫോം ഹോമിലേക്ക് മാറ്റി.

