Site iconSite icon Janayugom Online

1975–2022: കെ രാമകൃഷ്ണ അന്ന് വോളണ്ടിയര്‍ ഇന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍

1975 ല്‍ വിജയവാഡയില്‍ സിപിഐ പത്താം കോണ്‍ഗ്രസ് നടക്കുമ്പോള്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ച കെ രാമകൃഷ്ണയെന്ന ചെറുപ്പക്കാരന്‍ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ജനറല്‍ കണ്‍വീനറാണ്. അവിഭക്ത ആന്ധ്ര പ്രദേശിന്റെയും നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം.
എഐഎസ്എഫിലൂടെ സിപിഐയിലെത്തിയ അദ്ദേഹത്തിന്റേത് കര്‍ഷക കുടുംബമായിരുന്നു. സിപിഐ അനന്തപുരം ജില്ലാ സെക്രട്ടറിയായി രണ്ട് വർഷം തികയുന്നതിന് മുമ്പ് 1994ൽ അനന്തപുരം മണ്ഡലത്തിൽ നിന്ന് 37-ാം വയസിൽ നിയമസഭയിലെത്തി. തെലങ്കാനയില്‍ സിപിഐക്ക് വന്‍ മുന്നേറ്റമുണ്ടായത് ജനകീയ പോരാട്ടങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

1984ൽ ജനാധിപത്യ സംരക്ഷണ സമരം എന്ന പേരിൽ സംസ്ഥാന വ്യാപകമായി ഒരു പ്രസ്ഥാനം ആരംഭിച്ചു. സിപിഐ ജനാധിപത്യ സംരക്ഷണത്തിന് മുന്നിൽനിന്നു. ജലസേചനം, ഭൂമിയുടെ വില തുടങ്ങി നിരവധി വിഷയങ്ങളിൽ കിസാന്‍സഭയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. സംസ്ഥാനം മുഴുവൻ പര്യടനം നടത്തിയ ജാഥയും സംഘടിപ്പിച്ചു. ഈ വിഷയത്തില്‍ എല്ലാ കർഷക സംഘടനകളെയും ഒരുമിച്ച് കൊണ്ടുവന്ന് സമരത്തിന് നേതൃത്വം നൽകിയതും കിസാന്‍സഭയായിരുന്നു. യുവജന വിദ്യാര്‍ത്ഥി സംഘടനകളും വ്യത്യസ്ത രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശ്രദ്ധിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട ആദ്യ ദേശീയ രാഷ്ട്രീയപാര്‍ട്ടി സിപിഐയാണ്.

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവല്ക്കരിക്കുന്നതിനെതിരെയും വീടിനു വേണ്ടിയുമുള്ള സമരങ്ങളും സംസ്ഥാനത്തെ സിപിഐയുടെ മുഖ്യ അജണ്ടയാണ്. ഇതുകൂടാതെ, പാർശ്വവല്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പോരാട്ടങ്ങളും നിരന്തരം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് തങ്ങള്‍ പോരാടുന്നത്. ലാൽ ‘നീൽ’ എന്ന മുദ്രാവാക്യമാണ് സിപിഐ മുന്നോട്ടുകൊണ്ടുപോകുന്നത്. സംസ്ഥാനത്ത് അരാജക ഭരണമാണ് നടക്കുന്നതെന്നും അഴിമതി വർധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിലക്കയറ്റം രൂക്ഷമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലും. മദ്യമാഫിയ തഴച്ചുവളർന്നു. അവർ വരുമാനം തട്ടിയെടുക്കുന്നു. 

ഖനന-മണൽ മാഫിയ അഴിഞ്ഞാടുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നു. മന്ത്രിമാർ നോക്കുകുത്തികള്‍ മാത്രമാണ്. എല്ലാം മുഖ്യമന്ത്രിയാണ് നടത്തുന്നത്. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ പോലും അനുവദിക്കാത്ത ജനാധിപത്യ വിരുദ്ധ ഭരണമാണ് സംസ്ഥാനത്തെന്നും അതിനെതിരായ പോരാട്ടങ്ങള്‍ സമീപഭാവിയിലെ സിപിഐ സമരങ്ങളുടെ മുഖ്യ അജണ്ടയായിരിക്കുമെന്നും രാമകൃഷ്ണ വ്യക്തമാക്കി. സിപിഐക്ക് പാര്‍ലമെന്ററി പങ്കാളിത്തത്തില്‍ മെച്ചപ്പെട്ട സ്ഥിതിയില്ലെങ്കിലും ജനകീയ അടിത്തറ വിപുലമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Summary:1975–2022: K Ramakr­ish­na Then Vol­un­teer Today Orga­niz­ing Com­mit­tee Gen­er­al Convener
You may also like this video

Exit mobile version