Site iconSite icon Janayugom Online

199 അഗ്രോമെറ്റ് യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നു

agromate jagromate j

കര്‍ഷകര്‍ക്ക് കാലാവസ്ഥാ അധിഷ്ഠിത വിവരങ്ങള്‍ ലഭ്യമാക്കാനും വിള നഷ്ടം ഒഴിവാക്കാനും സഹായിക്കുന്ന 199 അഗ്രോമെറ്റ് യൂണിറ്റുകള്‍ അടച്ചു പൂട്ടാൻ തീരുമാനിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 2023–24സാമ്പത്തിക വര്‍ഷത്തിന് ശേഷം ജില്ലാ അഗ്രോമെറ്റ് യൂണിറ്റുകള്‍ (‍ഡിഎഎംയു) പ്രവര്‍ത്തിക്കേണ്ടതില്ലെന്നും അതിനാല്‍ വേണ്ട നടപടി സ്വീകരിച്ച് 199 ഡിഎഎംയുകള്‍ അടച്ചുപൂട്ടണമെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പൊടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ന്ന ധനമന്ത്രാലയത്തിലെ എക്സ്പൻ‍‍ഡീച്ചര്‍ ഫിനാൻസ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് അനുസരിച്ച് ഓരോ ഡിഎഎംയുകളിലും ഉദ്യോഗസ്ഥരുടെ ആവശ്യകത പരിശോധിക്കണമെന്ന് മുതിര്‍ന്ന നിതി ആയോഗ് ഉപദേഷ്ടാവ് നിര്‍ദേശിച്ചിരുന്നു. കേന്ദ്രീകൃത യൂണിറ്റുകളാണ് ആവശ്യമെന്നും ഫീല്‍ഡ് യൂണിറ്റുകളല്ലെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
32 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 199 ജില്ലകളിലെ കര്‍ഷകരെ തീരുമാനം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2015ല്‍ വിള, മേഖലയ്ക്കനുയോജ്യമായ കൃഷി രീതി എന്നിവ സംബന്ധിച്ച് കര്‍ഷകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ഗ്രാമീണ്‍ കൃഷി മൗസം സേവയ്ക്ക് തുടക്കമിട്ടിരുന്നു. 

ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ രാജ്യത്ത് 130 അഗ്രോമെറ്റ് ഫീല്‍ഡ് യൂണിറ്റുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇവയാണ് സോണല്‍ തലത്തില്‍ നിര്‍ദേശങ്ങ‍ള്‍ കൈമാറുന്നത്. നാലു മുതല്‍ അഞ്ചു ജില്ലകള്‍ ചേര്‍ന്നതാണ് ഒരു സോണല്‍ യൂണിറ്റ്. കൃഷി വിഗ്യാൻ കേന്ദ്രക ആസ്ഥാനങ്ങളില്‍ 530 ജില്ലാ അഗ്രോമെറ്റ് യൂണിറ്റുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ 199 ഡിഎഎംയുകള്‍ മാത്രമാണ് ആരംഭിച്ചത്. ബ്ലോക്കു തലത്തില്‍ കര്‍ഷകര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നവയാണ് അഗ്രോമെറ്റ് യൂണിറ്റുകള്‍. 

Eng­lish Sum­ma­ry: 199 Agromet units to be shut down

You may also like this video

Exit mobile version