കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട 2.26 ലക്ഷത്തിലധികം കേസുകള്‍ രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നു. പോക്സോ കേസുകളില്‍ അതിവേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി സ്ഥാപിച്ച പ്രത്യേക കോടതികളിലുള്‍പ്പെടെയാണ് 2,26,728 കേസുകള്‍ കെട്ടിക്കിടക്കുന്നത്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ഏറ്റവും കൂടുതല്‍ കെട്ടിക്കിടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് ലോക്‌സഭയില്‍ നിയമ മന്ത്രി കിരണ്‍ റിജിജു ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാകുന്നു. 60,729 കേസുകളാണ് സംസ്ഥാനത്ത് തീര്‍പ്പാകാതെ കിടക്കുന്നത്. മഹാരാഷ്ട്രയില്‍ 30,677, പശ്ചിമബംഗാളില്‍ 19,649, ബിഹാറില്‍ 14,089, ഒഡിഷയില്‍ 12,332, മധ്യപ്രദേശില്‍ 10,409 എന്നിങ്ങനെയാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്ക്. തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത്, ഡല്‍ഹി, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളില്‍ 5000 മുതല്‍ 10,000 വരെ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.
2019ലാണ് നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. എന്നാല്‍, ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിന് പരിശീലനം ലഭിച്ച ജഡ്ജിമാരെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും കൂടുതലായി നിയമിക്കാതെ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതുകൊണ്ടുമാത്രം ഫലമുണ്ടാകില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: 2.26 lakh pocso cases are pending
You may like this video also