കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപ വില വരുന്ന 2.6 കിലോ സ്വർണമാണ് രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത്. ഒരേ യാത്രക്കാരനിൽ നിന്നും രണ്ടിടത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടുന്നതും നെടുമ്പാശേരിയിൽ ആദ്യമായിട്ടാണ്. അബുദാബിയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി ഷഹീർ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുൾ സലീം എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഗ്രീൻ ചാനലിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ച ഷഹീറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അടി വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച നിലയിലും, ക്യാപ്സൂൾ രൂപത്തിലും ഇയാളിൽ നിന്ന് സ്വർണം പിടികൂടിയത്. സ്വർണ മിശ്രിതം നാല് ക്യാപ്സൂളുകളിലാക്കി ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൂടാതെ കുഴമ്പ് രൂപത്തിലാക്കിയതിന് ശേഷം അടിവസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച നിലയിലും ഇയാളിൽ നിന്ന് സ്വർണം കണ്ടെടുത്തു. 1158 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. സ്വർണം മിശ്രിതമാക്കിയതിന് ശേഷം മൂന്ന് ക്യാപ്സൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴാണ് അബ്ദുൾ സലീമിൽ നിന്നും സ്വർണം പിടികൂടിയത്.
English Summary: 2.6 kg gold seized in Nedumbassery
You may also like this video

