Site iconSite icon Janayugom Online

രണ്ട് ചീറ്റകള്‍ വിശാല വനത്തിലേക്ക്: നേരത്തെ തുറന്നുവിട്ടതില്‍ വനം മന്ത്രിക്ക് അതൃപ്തി

ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നും മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണത്തെ കഴിഞ്ഞ ദിവസം കുറച്ച് കൂടി വിശാലമായ ചുറ്റുപാടിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരമാണ് പാര്‍ക്കിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചീറ്റകള്‍ക്ക് പുതിയ സ്ഥലംമാറ്റം നല്‍കിയത്. ചീറ്റകളുടെ പുതിയ വാസസ്ഥാനത്തെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെത്തിച്ച ചീറ്റകളെല്ലാം ആരോഗ്യത്തോടെ കഴിയുന്നതായും അദ്ദേഹം രാജ്യത്തെ അറിയിച്ചു.

എൽട്ടൺ, ഫ്രെഡ്ഡി എന്നിങ്ങനെ പേരുള്ള രണ്ട് ചീറ്റകളെയാണ് ക്വാറന്റൈനുശേഷം ഇപ്പോള്‍ പുറത്തുവിട്ടത്. അതേസമയം ചീറ്റകളില്‍ രണ്ടെണ്ണത്തിനെ തുറന്നുവിട്ടതില്‍ മധ്യപ്രദേശ് വനം മന്ത്രി അസംതൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്. വനം മന്ത്രി വിജയ് ഷായുടെ സാന്നിധ്യത്തില്‍ ചീറ്റകളെ തുറന്ന് വിടാനായിരുന്നു തീരുമാനിച്ചത്. ഇതിനായി ഞായറാഴ്ച മന്ത്രി എത്തുമെന്ന് അറിയിച്ചു. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ഉദ്യോഗസ്ഥര്‍ ചീറ്റയെ തുറന്നുവിട്ട നടപടി മന്ത്രിയെ രോഷാകുലനാക്കി.

ഇന്ത്യയിലേക്ക് കൊണ്ടു വന്ന എട്ട് ചീറ്റകളില്‍ ആറെണ്ണമാണ് ഇനി ക്വാറന്റൈനായി നിര്‍മ്മിച്ച ചെറിയ വേലിക്കെട്ടിനുള്ളിലുള്ളത്. ഇവയെ നിരീക്ഷിച്ച ശേഷം വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി വലിയ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിടും. ഇവിടെ ചീറ്റകള്‍ക്ക് വേട്ടയാടുന്നതിനായി പുള്ളിമാനുകളെ എത്തിക്കും. അതേസമയം ചീറ്റകളുടെ നിലനില്പിന് കുനോ ദേശീയോദ്യാനത്തിലെ പുലികള്‍ ഭീഷണിയാകുമോയെന്ന ആശങ്ക വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളിലടക്കം പുലിയും ചീറ്റപ്പുലികളും ഒരേവനത്തില്‍ കഴിയുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Eng­lish Sum­ma­ry: 2 chee­tahs shift­ed to forest
You may also like this video

Exit mobile version