Site iconSite icon Janayugom Online

കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹം സംസ്‌കരിച്ചു

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച മലപ്പുറം ജില്ലയിലെ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. തിരൂര്‍ കൂട്ടായി സ്വദേശി നൂഹും, പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയനുമാണ് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കിയത്.

11 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി നൂഹ് നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് പോയത്. ഹൃദ്രോഗിയായിരുന്നിട്ടും കടബാധ്യതയെ തുര്‍ടര്‍ന്നായിരുന്നു നൂഹ് പ്രവാസം തുടര്‍ന്നത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

കൂട്ടായി റാത്തീബ് ജുമാ മസ്ജിദില്‍ ആണ് ഖബറടക്കിയത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളാണ് മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്. പ്രായമായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പുലാമന്തോള്‍ തിരുത്ത് സ്വദേശിയായി എം.പി. ബാഹുലേയന്‍. മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.പി. വേലായുധന്റെ ഏക മകനായ ബാഹുലേയന്‍ ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നു മടങ്ങിയത്. നാട്ടിലെ സാമൂഹിക സാംസ്‌കാരിക രംഗത്തടക്കം സജീവമായിരുന്ന ബാഹുലേയന്‍ ഈ ഓണത്തിന് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം. ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തിലാണ് ബാഹുലേയന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Exit mobile version