Site icon Janayugom Online

ഇരുപതു ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ ഉല്‍പ്പാദനോന്‍മുഖവും വികസനോന്‍മുഖവുമായ മുന്നേറ്റത്തില്‍ തൊഴില്‍ സഭ വലിയ പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ തൊഴില്‍സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന കേരള സര്‍ക്കാറിന്റെ നിലപാടിന്റെ തുടര്‍ച്ചയാണ് തൊഴില്‍ സഭ 

തൊഴില്‍ നല്‍കുന്നതിനുള്ള ഏറ്റവും പ്രധാന പദ്ധതിക്കാണ് ഇന്ന് തുടക്കമാവുന്നത്. തൊഴിലവസരം വര്‍ധിപ്പിക്കുന്നതിനുനള്ള ജനകീയ പദ്ധതി എന്ന നിലയിലുള്ളതാണ് തൊഴില്‍ സഭയെന്ന ആശയം. പുതിയ ഒരു കേരള മാതൃകയാണ് തൊഴില്‍ സഭ മുന്നോട്ടുവെക്കുന്നത്. തൊഴില്‍ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറണമെന്ന കാഴ്ചപ്പാട് രാജ്യത്ത് ശക്തമാകുന്ന സാഹചര്യമാണ്. ഇതിന്റെ ദുരനുഭവങ്ങള്‍ പലതും നമ്മള്‍ കണ്ടതാണ്. എന്നാല്‍ കേരളത്തിന്റേത് ബദല്‍ ഇടപെടലാണ്.

തൊഴില്‍ അന്വേഷകരേയും സംരംഭകരേയും ഒന്നിപ്പിക്കുന്നു എന്നതാണ് ഇതിന്റെപ്രാധാന്യം.മാനവവിഭവശേഷിയും നൈപുണ്യവികസനവും മെച്ചപ്പെടുത്തുകയും വ്യവസായിക സംരംഭകത്വത്തെ പരിപോഷിപ്പിക്കുകയുമാണ് തൊഴില്‍ സഭയുടെ ലക്ഷ്യം. അതത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ സംരംഭങ്ങള്‍ ആരംഭിക്കുക, അതിനനുയോജ്യമായ തൊഴില്‍ സേനയെ ഉപയോഗപ്പെടുത്തുക എന്നതും ലക്ഷ്യമിടുന്നു.ഡിജിറ്റല്‍ വ്യവസായ രംഗത്തുണ്ടായ മാറ്റം പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വര്‍ക്ക് നിയര്‍ ഹോം വര്‍ക്ക് സ്റ്റേഷനുകള്‍ ഒരുക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിക്കഴിഞ്ഞു.

ഇതിന് അയ്യായിരം ചതുരശ്ര അടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയാല്‍ വര്‍ക്ക് സ്റ്റേഷന്‍ ഒരുക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ നല്‍കും. ഇത്തരമൊരു സംവിധാനത്തിനാണ് കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ അനുമതി നല്‍കി.ദേശീയ അന്തര്‍ദേശീയ തൊഴിലുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നുവെന്നതാണിത്തരം സംരംഭങ്ങളുടെ മെച്ചം- മുഖ്യമന്ത്രി പറഞ്ഞു.ഇത്തരം നടപടികള്‍ ജനങ്ങളിലെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം.തൊഴില്‍ സഭയ്ക്കെത്തുന്നവരില്‍ ഒരു വിധ അസംതൃപ്തിയും ഉണ്ടാകാതിരിക്കാനുള്ള കരുതലും തദ്ദേശ സ്ഥാപനങ്ങള്‍ പുലര്‍ത്തണം.

തൊഴില്‍ സംരംഭകരുടെയും ദായകരുടെയും തൊഴില്‍ ക്ലബ്ബുകള്‍ രൂപീകരിക്കണം. ജനങ്ങളുടെ മറ്റാവശ്യങ്ങള്‍ക്ക് കൊടുക്കുന്ന അതേ പ്രാധാന്യം തൊഴില്‍ സഭയ്ക്കും നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി. രാജേഷ് അധ്യക്ഷനായി.

ജനകീയ ഇടപെടലിന്റെ പുതിയ മാതൃകയാണ് തൊഴില്‍ സഭയിലൂടെ കേരളം മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക സംരംഭകത്വം വര്‍ധിപ്പിച്ച് തൊഴില്‍ സാധ്യകള്‍ കൂട്ടി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ബദല്‍ ഇടപെടലാണ് തൊഴില്‍ സഭയെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

Eng­lish Summary:20 lakh aca­d­e­mics will get jobs in dig­i­tal sec­tor: Chief Minister

You may also like this video:

Exit mobile version