Site iconSite icon Janayugom Online

20 ലക്ഷം പേരെ അണിനിരത്തി മഴക്കാലപൂർവ ജനകീയ ശുചീകരണ യജ്ഞം

തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 18, 19 തീയതികളിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 20,000 വാർഡുകളിൽ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിൽ 20 ലക്ഷം പേർ അണിനിരക്കും. ഈ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും നേതൃത്വം നൽകും. 

പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ 14ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗം ചേരും. 30,000 രൂപ മഴക്കാലപൂർവ ശുചീകരണത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ തനത് ഫണ്ട് ചെലവഴിക്കാനും അനുമതി നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേരുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നു. സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, രാഷ്ട്രീയ പാർട്ടികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെയായിരിക്കും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. 

തദ്ദേശ, ആരോഗ്യവകുപ്പുകൾ ജില്ലകളിൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. വെള്ളക്കെട്ടിന് സാധ്യതയുള്ള ഇടങ്ങളും കണ്ടെത്തി.
മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിന് വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2022–23ൽ 47 ശതമാനമായിരുന്ന വാതിൽപ്പടി മാലിന്യശേഖരണം 23–24ൽ 87 ശതമാനമായി ഉയർന്നു. യൂസർ ഫീ കളക്ഷൻ 34.90ൽ നിന്നും 68 ശതമാനമായി. മിനി എംസിഎഫുകളുടെ എണ്ണം 7446ൽ നിന്നും 17,393ആയി. 30,217 ടൺ മാലിന്യമാണ് 2022–23ൽ നീക്കിയതെങ്കിൽ 2023–24ൽ 47,548.701 ടൺ നീക്കിയെന്നും മന്ത്രി പറഞ്ഞു. 

Eng­lish Summary:20 lakh peo­ple mobi­lized for the pre-mon­soon mass clean­ing campaign
You may also like this video

Exit mobile version