Site iconSite icon Janayugom Online

പുതുതായി 20 കൃഷി ശ്രീ സെന്ററുകൾ ആരംഭിക്കും: മന്ത്രി പി പ്രസാദ്

2022–23 സാമ്പത്തിക വർഷത്തിൽ 650.67 ലക്ഷം രൂപ ചെലവഴിച്ച് 20 കൃഷി ശ്രീ സെന്ററുകൾ പുതുതായി ആരംഭിക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. യന്ത്രവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായ കാർഷിക സേവന കേന്ദ്രങ്ങൾ, കാർഷിക കർമ്മസേനകൾ, കസ്റ്റം ഹയറിങ് സെന്ററുകൾ എന്നിവ ശക്തിപ്പെടുത്തി സേവനപ്രവർത്തനങ്ങൾ ഒറ്റ കേന്ദ്രത്തിലൂടെ നല്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.

കാർഷിക യന്ത്രവൽക്കരണം യാഥാർത്ഥ്യമാക്കുക, ഫലപ്രദമായ രീതിയിൽ വിവിധ പഞ്ചായത്തുകളിലെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുക, ആധുനിക കാർഷിക സാങ്കേതിക വിദ്യകളുടെ വ്യാപനം സാധ്യമാക്കുക, കാർഷിക മേഖലയ്ക്കാവശ്യമായ ഉല്പാദനോപാധികളുടെ ലഭ്യത ഉറപ്പു വരുത്തുക, കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ, വിത്ത് എന്നിവ ലഭ്യമാക്കുക, കാർഷിക ഉല്പന്നങ്ങളുടെ സംഭരണം, സംസ്കരണം, മുല്യവർധിത ഉല്പന്നങ്ങളാക്കുക എന്നീ പ്രവൃത്തികളിൽ ഏർപ്പെടുക, കാർഷിക യന്ത്രങ്ങളുടെ സർവീസ് സെന്റർ ആയി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കൃഷി ശ്രീ സെന്ററുകൾ പ്രവര്‍ത്തിക്കേണ്ടത്.

ബ്ലോക്ക് അടിസ്ഥാനത്തിലാണ് ഇവ ആരംഭിക്കുന്നത്. കൃഷി ശ്രീ സെന്ററുകളുടെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നതിന് കേരള കാർഷിക സർവകലാശാലയുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Eng­lish summary;20 new Krishi Sree Cen­ters to be set up: Min­is­ter P Prasad

You may also like this video;

Exit mobile version