Site iconSite icon Janayugom Online

രാജ്യത്ത് 20 ശതമാനം പെണ്‍കുട്ടികള്‍ ശൈശവവിവാഹത്തിന്റെ ഇര

രാജ്യത്തെ അഞ്ചില്‍ ഒരു പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അഞ്ചുവര്‍ഷത്തിനുള്ളില്‍ ശൈശവ വിവാഹനിരക്ക് അഞ്ച് ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക കാമ്പയിന് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തുടക്കമായി. നിരക്ക് ഉയര്‍ന്ന ഏഴ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ശൈശവ വിവാഹ മുക്ത ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 

ശൈശവ വിവാഹം ഗുരുതരമായ മനുഷ്യാവകാശ ലംഘനവും ക്രിമിനല്‍ കുറ്റവുമാണെന്ന് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വനിത, ശിശു വികസന വകുപ്പ് മന്ത്രി അന്നപൂര്‍ണദേവി പറഞ്ഞു. ഇത് പൂര്‍ണമായി ഇല്ലാതാക്കുകയെന്നത് വെല്ലുവിളിയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷത്തോളം കുട്ടികളെ ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴി‍ഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ത്രിപുര, അസം, ആന്ധ്രാ പ്രദേശ് തുടങ്ങി ശൈശവ വിവാഹനിരക്ക് ഉയര്‍ന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. രാജ്യത്തെ 300 ജില്ലകളില്‍ നിരക്ക് ദേശീയ ശരാശരിക്ക് മുകളിലാണ്. ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ കഴിവുകളെ തളച്ചിടുന്നതാണ് ശൈശവ വിവാഹമെന്നും മന്ത്രി പറഞ്ഞു. 

ശൈശവ വിവാഹ നിരോധന നിയമം മൂലം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തെ ചെറുക്കാന്‍ ഒരുപരിധി വരെ കഴിയുന്നുണ്ട്. എന്നാല്‍ നിയമസംവിധാനങ്ങള്‍ മാത്രം വിചാരിച്ചതുകൊണ്ട് ഇതിനെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ലെന്നും അന്നപൂര്‍ണദേവി പറഞ്ഞു. ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ദക്ഷിണേഷ്യയിലെ ശൈശവ വിവാഹ നിരക്ക് കുറഞ്ഞതായി യുഎന്‍ അടുത്തിടെ സാക്ഷ്യപ്പെടുത്തിയിരുന്നു. ശൈശവ വിവാഹത്തിനെതിരെയുള്ള ബോധവല്‍ക്കരണം, റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍, പുരോഗതി വിലയിരുത്തല്‍ എന്നിവയ്ക്കായി ശൈശവ വിവാഹ വിമുക്ത പോര്‍ട്ടലും സര്‍ക്കാര്‍ അവതരിപ്പിച്ചു. 

Exit mobile version