Site iconSite icon Janayugom Online

ലോക്‌സഭ പിരിയുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് 20 സീറ്റുകള്‍

LK SLK S

17-ാം ലോക്‌സഭ പിരിയുന്നത് 20 അംഗങ്ങളുടെ ഒഴിവോടെ. കഴിഞ്ഞ മാര്‍ച്ചില്‍ അന്തരിച്ച പൂനെ എംപി ഗീരിഷ് ബാപത്ത് മുതല്‍ ഏറ്റവും ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി രാജിവച്ചവര്‍ വരെ പട്ടികയില്‍ വരും.
ഗീരിഷ് ബാപത്തിന്റെ മരണത്തെത്തുടര്‍ന്ന് പൂനെയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയിരുന്നില്ല. ഒരു മണ്ഡലത്തിലെയും ജനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ലാതെ വരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടത്തില്ല എന്ന കമ്മിഷന്റെ കടുംപിടിത്തം വിജയിക്കുകയായിരുന്നു. 

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയുടെ സസ്പെന്‍ഷനോടെ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തിനും പ്രാതിനിധ്യം നഷ്ടമായി. ബിജെപിയുടെ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, ബാലക് നാഥ്, ആര്‍എല്‍പി അംഗം ഹനുമാന്‍ ബെനിവാള്‍ എന്നിവര്‍ രാജസ്ഥാന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവച്ചു. ബിജെപിയില്‍ നിന്നുള്ള നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, രാകേഷ് സിങ്, റിതി പഥക്, ഉദയ് പ്രതാപ് സിങ് എന്നിവര്‍ മധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്നതിനും രാജിവച്ചു.

ബിജെപി എംപിമാരായിരുന്ന ഗോമതി സായ്, രേണുക സിങ് സരുത, അരുണ്‍ സാവേ എന്നിവര്‍ ഛത്തീസ്ഗഢ് നിയമസഭയിലേക്കും കോണ്‍ഗ്രസില്‍ നിന്ന് എ രേവന്ത് റെഡ്ഡി, ഉത്തംകുമാര്‍ റെഡ്ഡി, കെ വെങ്കട്ട് റെ‍ഡ്ഡി, ഭാരത് രാഷ്ട്ര സമിതി അംഗം കോത്ത പ്രഭാകര്‍ റെ‍ഡ്ഡി എന്നിവര്‍ തെലങ്കാന നിയമസഭയിലേക്കും മത്സരിക്കുന്നതിന് വേണ്ടിയാണ് രാജിവച്ചത്.
രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി. ബിഎസ്‌പി അംഗം അഫ്സല്‍ അന്‍സാരിയെ ക്രിമിനല്‍ കേസിന്റെ പേരില്‍ ലോക് സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 

Eng­lish Sum­ma­ry: 20 seats are vacant when the Lok Sab­ha is dissolved

You may also like this video

Exit mobile version